ന്യൂയോര്‍ക്ക്: തനിക്കെതിരായ ലൈംഗിക അതിക്രമ കേസുകളില്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ന്യൂയോര്‍ക്ക് സിറ്റി പൊലീസിന് മുമ്പാകെ കീഴടങ്ങി. ഹോളിവുഡ് സിനിമയിലെ പ്രമുഖ നടിമാരടക്കം വെയ്ന്‍സ്റ്റീനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയതിന് മാസങ്ങള്‍ക്ക് പിന്നാലെയാണ് കീഴടങ്ങല്‍.

70 ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റീനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ സംഭവ വികാസങ്ങള്‍ക്കാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.

വെയ്ന്‍സ്റ്റീന് എതിരായ താരങ്ങളുടെ തുറന്ന് പറച്ചിലുകളായിരുന്നു ലോകത്ത് മുഴുവന്‍ അലയൊലികള്‍ തീര്‍ത്ത മീ റ്റൂ ഹാഷ് ടാഗ് ക്യാംപെയിന് വരെ തുടക്കം കുറിച്ചത്. പോയ വാരം നടന്ന കാന്‍സ് ചലച്ചിത്ര മേളയിലും മീ റ്റൂ ക്യാംപെയിന്‍ വാര്‍ത്തയായിരുന്നു. രാവിലെ എഴരയോടെ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ കീഴടങ്ങിയത്.

ഒരു സ്ത്രീയെ പീഡിപ്പിച്ചതിനും മറ്റൊരു സ്ത്രീയെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചതിനുമാണ് ഹാര്‍വിയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അതേസമയം, സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നത് ഹാര്‍വ്വി ഇതുവരേയും സമ്മതിച്ചിട്ടില്ല. കീഴടങ്ങലിനെ കുറിച്ച് ഹാര്‍വിയുടെ വക്താവോ അഭിഭാഷകനോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഹാര്‍വി വെയ്ന്‍സ്റ്റീന് എതിരെ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്തത്. പീഡനത്തിന് ഇരയായ സ്ത്രീയുടെ പേര് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല.

ഹോളിവുഡിലെ പ്രമുഖ നടിമാരടക്കം എഴുപതോളം വനിതകളാണ് വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന്, നിരവധിപേര്‍ വെയ്ന്‍സ്റ്റീനും കമ്പനിക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകള്‍ ഫയല്‍ ചെയ്തു. കരിയര്‍ ഉയര്‍ത്താന്‍ സ്വയം തീരുമാനിച്ച് ഇരുവരുടേയും സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നായിരുന്നു ഹാർവി അഭിഭാഷകന്‍ മൂലം വിശദീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ