ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂറിനെ അവസാനമായി കാണാൻ മകൾ റിദ്ധിമ കപൂർ എത്തിയില്ല. ഡൽഹിയിലാണ് റിദ്ധിമ കപൂർ താമസിക്കുന്നത്. ലോക്ക്ഡൗണ്‍ ആയതിനാൽ ഡൽഹിയിൽ നിന്നു മുംബൈയിലേക്ക് എത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേക അനുവാദമുണ്ടെങ്കിലേ ഇത്തരത്തിൽ യാത്ര ചെയ്യാൻ സാധിക്കൂ. ദക്ഷിണ മുംബെെയിൽ ആയിരുന്നു ഋഷി കപൂറിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. മുംബെെയിലെ വീട്ടിലായിരുന്നു ഋഷി കപൂറും ഭാര്യ നീതു സിങ്ങും താമസിച്ചിരുന്നത്.
ഏകദേശം 1,400 കിലോമീറ്റർ സഞ്ചരിച്ചു വേണമായിരുന്നു റിദ്ധിമയ്ക്ക് മുംബൈയിലെത്താൻ. റോഡ് മാർഗം എത്തുക ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി വേണമെന്ന് റിദ്ധിമ ആവശ്യപ്പെട്ടിരുന്നു.
Read Also: റോ..ഞാൻ നിന്നെ സ്നേഹിക്കുന്നു; ഹിറ്റ്മാന് പ്രിയതമയുടെ ജന്മദിനാശംസ
മുംബൈയിലക്ക് പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് റിദ്ധിമ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചത്. എന്നാൽ, അനുമതി ലഭിച്ചില്ല. ഇതേ തുടർന്ന് താരം ഡൽഹിയിൽ തന്നെ തങ്ങുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു ഋഷി കപൂറിന്റെ സംസ്കാരം. ജീവിതത്തിലെ ഏറ്റവും കരുത്തനായ പോരാളിയായിരുന്നു തന്റെ പിതാവ് എന്ന് റിദ്ധിമ സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
ഋഷി കപൂറിന്റെ നിര്യാണം ഏറെ വേദനയോടെയാണ് അദ്ദേഹത്തിന്റെ കുടുംബം ഉൾക്കൊണ്ടത്. എന്നാൽ, കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചുള്ളൂ. പ്രത്യേക സാഹചര്യം മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് ഋഷി കപൂറിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എല്ലാവരും കൃത്യമായി സാമൂഹിക അകലം പാലിക്കുന്നത് തുടരണമെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടത്.
Read Also: അദ്ദേഹത്തിനു വേണ്ടി ആരും സാമൂഹിക അകലം ലംഘിക്കരുത്; ഋഷി കപൂറിന്റെ കുടുംബം
ഇന്നലെ രാവിലെയാണ് ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചത്. 67 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ മിനിഞ്ഞാന്ന് മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരൻ രൺധീർ കപൂറാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ന്യൂയോർക്കിൽ ഒരു വർഷത്തോളം നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം ഋഷി കപൂർ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. 2018 ൽ കാൻസർ രോഗബാധിതനായ താരം 11 മാസത്തിലധികം നീണ്ടുനിന്ന ചികിത്സയിലൂടെയാണ് ആരോഗ്യം വീണ്ടെടുത്തത്. ഭാര്യ നീതു കപൂറും അദ്ദേഹത്തോടൊപ്പം ന്യൂയോർക്കിൽ ഉണ്ടായിരുന്നു. മകൻ രൺബീർ കപൂറും കാമുകി ആലിയ ഭട്ടും പതിവായി ന്യൂയോർക്കിൽ ഋഷി കപൂറിനെ സന്ദർശിച്ചിരുന്നു.