നീണ്ട രണ്ടു പതിറ്റാണ്ടിനു ശേഷം ജാവ ബൈക്കുകള്‍ വീണ്ടും വിപണിയില്‍. റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളി ഉയര്‍ത്തി ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ബൈക്ക് ലോഞ്ച് ചെയ്തത്. ജാവ, ജാവ 42, പെറാക്ക് – രണ്ടാംവരവ് രാജകീയമായി ആഘോഷിക്കുകയാണ് ജാവ. മഹീന്ദ്രയാണ് ജാവ ബൈക്കുകളുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്നത്.
ഒരിക്കല്‍ മണ്‍മറഞ്ഞ ജാവ യുഗത്തിന്റെ പുനഃരാവിഷ്കാരം. ക്ലാസിക് റെട്രോ ശൈലിയാണ് ജാവ, ജാവ 42 ബൈക്കുകള്‍ക്ക്. രണ്ടു മോഡലുകളില്‍ കമ്പനി അവതരിപ്പിക്കുന്ന 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, 27 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് പരമാവധി സൃഷ്ടിക്കുക.
293 സിസി ഒറ്റ സിലിണ്ടര്‍ കരുത്തില്‍ ജാവ, ജാവ 42 ബൈക്കുകള്‍ അണിനിരക്കുമ്പോള്‍, പെറാക്കില്‍ കുറച്ചുകൂടി വലിയ 334 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തുടിക്കും. ബ്ലാക്, മറൂണ്‍, ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ജാവയില്‍. എന്നാല്‍ ജാവ 42 -യില്‍ ആറു നിറങ്ങളുണ്ട്. ഹാലീസ് ടിയല്‍, ഗലാറ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ല്യുമോസ് ലൈം, നെബ്യുല ബ്ലൂ, കോമറ്റ് റെഡ് നിറങ്ങള്‍ ജാവ 42 -ല്‍ തിരഞ്ഞെടുക്കാം. ഭാരത് സ്റ്റേജ് VI നിർദേശങ്ങള്‍ പാലിച്ചാണ് ബൈക്കുകളുടെ ഒരുക്കം. 1.55 ലക്ഷം രൂപയ്ക്ക് പ്രാരംഭ ജാവ 42 മോഡല്‍ (വെള്ള നിറത്തിലുള്ളത്) ഷോറൂമുകളില്‍ വരും.
1.65 ലക്ഷം രൂപയാണ് ഇടത്തരം ജാവ മോഡലിന്റെ (ചുവപ്പു നിറത്തിലുള്ളത്) വില. അതേസമയം ജാവ പെറാക്ക് പിന്നീടാണ് കമ്പനി അവതരിപ്പിക്കുക. 2019ഓടെയാകും പെറാക്ക് ഇന്ത്യയിലെത്തുക. ഇതിന് 1.89. ലക്ഷം രൂപയാണ് വില. ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ക്ക് വലിയ വെല്ലുവിളിയാണ് ജാവ ഉയര്‍ത്തുക. റോയല്‍ എന്‍ഫീല്‍ഡ് 350 മോഡലുകള്‍ക്ക് 1.39 ലക്ഷം രൂപയാണ് അടിസ്ഥാനവില. എന്നാല്‍ എബിഎസ് സംവിധാനം ഒരുക്കിയ 350 മോഡലുകള്‍ക്ക് 1.62 ലക്ഷം രൂപയാണ് അടിസ്ഥാനവില. എന്‍ഫീല്‍ഡ് ഈയടുത്ത് അവതരിപ്പിച്ച എബിഎസ് 350 മോഡലുകള്‍ 500 മോഡലിന്റെ അതേ നിറങ്ങളിലായിരുന്നു എത്തിയത്. ഇത് 500 ഉപയോക്താക്കളില്‍ അപ്രിയം ഉണ്ടാക്കുകയും ചെയ്തു. ജാവയുടെ പുതിയ മോഡലുകളില്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസുണ്ട്. പിന്നില്‍ 153 എംഎം ആണ് ഡിസ്‌ക് ബ്രേക്ക്.