റോത്തക്ക്: രാജ്യത്തെ ഞെട്ടിച്ച വാത്തയായിരുന്നു ഹരിയാനയിലെ റോത്തക്കിൽ 10 വയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം. എന്നാൽ തന്‍റെ ഭർത്താവിനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ തന്നെ രംഗത്തെത്ത് വന്നിരിക്കുകയാണിപ്പോൾ. തന്റെ ഭർത്താവ് ജയിലിൽ ആയതോടെ താനും കുടുംബവും പട്ടിണിയിലായെന്നും അയാളെ വെറുതെ വിടണമെന്നും പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ആദ്യ ഭർത്താവിന്റെ സഹോരനാണ് ഇവരുടെ നിലവിലെ ഭർത്താവ്. ഇയാളാണ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി. ഇയാൾ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അമ്മ അവകാശപ്പെടുന്നില്ല. എന്നാൽ നിത്യവൃത്തിക്ക് മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ടാണ് ഭർത്താവിനെ വിടണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.

‘സാമൂഹ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും പലതും തരാമെന്ന് പറയുന്നുണ്ടെങ്കിലും എന്‍റെയും കുട്ടികളുടേയും കാര്യം അവരാരും നോക്കില്ല. കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ഇവർ സ്ഥലം വിടും. എന്‍റെ ഭർത്താവ് മാത്രമേ എന്നെ സംരക്ഷിക്കുകയുള്ളൂ’ പെൺകുട്ടിയുടെ അമ്മ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

പീഡിപ്പിക്കപ്പെട്ട പത്ത് വയസുകാരി ഇപ്പോൾ ആശുപത്രിയിലാണ്. കുട്ടിയെ പ്രസവിക്കുന്നത് പെൺകുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഗർഭം അലസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ.

‘നാണക്കേട് കാരണം ഗ്രാമം വിട്ടോടി പോകുന്നതാണ് നല്തെന്ന് എല്ലാവരും പറഞ്ഞു. പെൺകുട്ടിയെ കൊന്നുകളയുന്നതിന് 20,000 രൂപയാണ് ഒരു ഡോക്ടർ ചോദിച്ചത്. പാവങ്ങളായ ഞങ്ങൾ എവിടെ നിന്നാണ് 20,000 രൂപയുണ്ടാക്കുക? മാത്രമല്ല, എന്‍റെ മകളെ കൊന്നുകളയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.’ അമ്മ പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ് അഞ്ച് വർഷങ്ങൾക്ക് മുൻപ് വൃക്കരോഗത്തെ തുടർന്നാണ് മരിച്ചത്. മൂന്ന് പെൺകുട്ടികളടക്കം 4 മക്കളാണ് ഇവർക്കുള്ളത്. പിന്നീട് ഭർത്താവിന്‍റെ ഇളയ സഹോദരൻ ഇവരെ വിവാഹം കഴിക്കുകയായിരുന്നു. തന്നേയും മക്കളേയും നല്ല രീതിയിൽ നോക്കി സംരക്ഷിക്കുന്നയാളാണ് ഇയാളെന്നാണ് അമ്മയുടെ അഭിപ്രായം.

കാലിലെ വേദനയെ തുടർന്ന് പെൺകുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ സെന്ററിൽ കൊണ്ടു പോയപ്പെഴായിരുന്നു കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് പൊലീസ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മാസങ്ങളായി പെൺകുട്ടിയെ നിരന്തരം ബലാൽസംഗത്തിനിരയാക്കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ