വായു മലിനീകരണം ഏറ്റവും കൂടുതലുള്ള ലോകനഗരങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളും. വിവിധ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരവും ആരോഗ്യപ്രശ്‌നങ്ങളും സംബന്ധിച്ച ഏറ്റവും പുതിയ ഗ്ലോബല്‍ എയര്‍ റിപ്പോര്‍ട്ടിലാണ് വായു മലിനീകരണ തോത് ഉയര്‍ന്ന നഗരങ്ങളുടെ പട്ടികയുള്ളത്.
PM2.5 ലെവലിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയില്‍ ന്യൂഡല്‍ഹിയും കൊല്‍ക്കത്തയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ മുംബൈ 14-ാം സ്ഥാനത്താണ്.
പ്രധാനമായും വായു മലിനപ്പെടുത്തുന്ന രണ്ട് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക നഗരങ്ങളെ പട്ടികപ്പെടുത്തിയത്. സൂക്ഷ്മ കണികകള്‍ (PM2.5), നൈട്രജന്‍ ഡയോക്‌സൈഡ് (NO2). എന്നിവയാണവ. PM2.5 എന്നത് 2.5 മൈക്രോമീറ്ററില്‍ താഴെ വ്യാസമുള്ള ഒരു അന്തരീക്ഷ കണികാ പദാര്‍ത്ഥമാണ്, ഇത് മനുഷ്യന്റെ മുടിയുടെ വ്യാസത്തിന്റെ ഏകദേശം 3 ശതമാനമാണ്. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യുന്നു.
അതേസമയം നൈട്രജന്‍ ഡയോക്‌സൈഡിന്റെ ക്രമാതീതമായ വര്‍ധനവിന് കാരണം റോഡ് ഗതാഗതമാണ്. ദീര്‍ഘ നേരം ഈ മലിദ വായു ശ്വസിക്കുന്നത് മരണത്തിന് കാരണമായേക്കാമെന്നും റിപോര്‍ട്ട് പറയുന്നു. 2019ലെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള NO2 അടിസ്ഥാനത്തില്‍ ആദ്യ 20-ല്‍ ഇന്ത്യന്‍ നഗരങ്ങള്‍ ഇടം പിടിച്ചിരുന്നില്ല. ഷാങ്ഹായ്, മോസ്‌കോ, ടെഹ്റാന്‍ എന്നിവയാണ് ഈ പട്ടികയിലെ ആദ്യ മൂന്ന് നഗരങ്ങള്‍.
യുഎസ് ആസ്ഥാനമായുള്ള ഹെല്‍ത്ത് എഫക്റ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും (എച്ച്ഇഐ) ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്റെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് പ്രോജക്റ്റ് എന്നിവയുടെ സഹകരണത്തിലാണ് സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ പ്രസിദ്ധീകരിച്ച എയര്‍ ക്വാളിറ്റി ആന്‍ഡ് ഹെല്‍ത്ത് ഇന്‍ സിറ്റിസ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, 2019-ല്‍ ഏറ്റവും കൂടുതല്‍ PM2.5 ന്റെ അളവ് കൂടിയ നഗരത്തില്‍ ഡല്‍ഹിയില്‍ 110 µg/m3 ഉം കൊല്‍ക്കത്തയില്‍ 84 µg/m3 ആയിരുന്നു.
PM2.5 അളവ് കൂടുതലുള്ള ലോകനഗരങ്ങളുടെ പട്ടിക
ഡല്‍ഹി, ഇന്ത്യ (110)
കൊല്‍ക്കത്ത, ഇന്ത്യ (84)
കാനോ, നൈജീരിയ (83.6)
ലിമ, പെറു (73.2)
ധാക്ക, ബംഗ്ലാദേശ് (71.4)
ജക്കാര്‍ത്ത, ഇന്തോനേഷ്യ (67.3)
ലാഗോസ്, നൈജീരിയ (66.9)
കറാച്ചി, പാകിസ്ഥാന്‍ (63.6)
ബെയ്ജിംഗ്, ചൈന (55)
അക്ര, ഘാന (51.9)
ചെങ്ഡു, ചൈന (49.9)
സിംഗപ്പൂര്‍, സിംഗപ്പൂര്‍ (49.4)
അബിജാന്‍, കോറ്റ് ഡി ഐവയര്‍ (47.4)
മുംബൈ, ഇന്ത്യ (45.1)
ബമാകോ, മാലി (44.2)
ഷാങ്ഹായ്, ചൈന (40.1)
ദുഷാന്‍ബെ, താജിക്കിസ്ഥാന്‍ (39.7)
താഷ്‌കെന്റ്, ഉസ്‌ബെക്കിസ്ഥാന്‍ (38)
കിന്‍ഷാസ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (35.8)
കെയ്റോ, ഈജിപ്ത് (34.2)