ന്യൂഡല്‍ഹി: റിമോട്ട് വോട്ടിങ് അഥവാ വിദൂര വോട്ടിങിനെ എതിര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍. സംവിധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസി) വിളിച്ച യോഗത്തിലാണ് ഭൂരിഭാഗം പാര്‍ട്ടി പ്രതിനിധികളും വിയോജിപ്പ് അറിയിച്ചത്. വോട്ടര്‍മാര്‍ സ്വന്തം സംസ്ഥാനത്ത് അല്ലെങ്കിലും വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നതിനായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്.
വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ച ആവശ്യമാണെന്നാണ് പാര്‍ട്ടികളുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ റിമോട്ട് വോട്ടിങ് യന്ത്രത്തിന്റെ (ആർവിഎം) പ്രദർശനം ഇസി മാറ്റിവച്ചു.
എട്ട് ദേശിയ പാര്‍ട്ടികളില്‍ (ബിജെപി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ത്രിണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ടിഎംസി, ബിഎസ്പി, എന്‍പിപി) നിന്നുള്ള 16 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. 40 സംസ്ഥാന പാര്‍ട്ടികളില്‍ നിന്നുള്ള 67 പേരും ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റൂഷന്‍ ക്ലബ്ബില്‍ നടന്ന യോഗത്തിന്റെ ഭാഗമായി.
വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുക എന്നതിനോട് രാഷ്ട്രീയ നേതാക്കൾ യോജിച്ചുവെന്ന് ഇസി ഉദ്യോഗസ്ഥർ പറഞ്ഞു. ചിലർ ആർവിഎമ്മിന്റെ അവതരണം സംസ്ഥാനങ്ങളിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. നിർദ്ദേശവുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ആഭ്യന്തര കുടിയേറ്റക്കാർ എന്ന ആശയം നിർവചിക്കണമെന്ന് മറ്റുള്ളവർ അഭിപ്രായപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തിൽ രാഷ്ട്രീയകക്ഷികളുടെ രേഖാമൂലമുള്ള അഭിപ്രായങ്ങള്‍ സമർപ്പിക്കുന്നതിനുള്ള തീയതി ജനുവരി 31 മുതൽ ഫെബ്രുവരി 28 വരെ നീട്ടാൻ ഇസി തീരുമാനിച്ചു. 2022 ഡിസംബർ 28-നാണ് റിമോട്ട് വോട്ടിങ് സംവിധാനത്തെക്കുറിച്ച് എല്ലാ അംഗീകൃത ദേശീയ, സംസ്ഥാന പാർട്ടികൾക്കും ഇസി കത്തയച്ചത്.
ബിജെപിയും ഒരു പരിധി വരെ ബിജെഡിയും ഒഴികയുള്ള പാര്‍ട്ടികള്‍ ഇസി നിര്‍ദേശത്തെ എതിര്‍ത്തതായാണ് അറിയാന്‍ സാധിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ബിജെപിയെ പ്രതിനിധീകരിച്ചെത്തിയത്. ബിജെപി തങ്ങളുടെ അഭിപ്രായം രേഖാമൂലം അറിയിക്കുമെന്ന് വ്യക്തമാക്കി.
പോളിങ് ശതമാനം വർധിപ്പിക്കണമെന്നും വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അവസരം നൽകണമെന്നും ബിജെപി തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ സ്വീകരിക്കേണ്ട നടപടിക്രമം ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും യാദവ് പറഞ്ഞു.
വിഷയത്തില്‍ ഇസിക്ക് ആശയക്കുഴപ്പമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുള്ള വോട്ടർമാർക്കായി മാതൃകാ പെരുമാറ്റച്ചട്ടം എങ്ങനെ പിന്തുടരുമെന്നും പാർട്ടികൾക്ക്, പ്രത്യേകിച്ച് ചെറിയ പാർട്ടികൾക്ക് എങ്ങനെ ഒന്നിലധികം സ്ഥലങ്ങളിലേക്ക് പോളിങ് ഏജന്റുമാരെ നിയമിക്കാൻ കഴിയുമെന്നും താൻ ചോദിച്ചതായി എഎപി എംപി സഞ്ജയ് സിങ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
എന്താണ് ആര്‍വിഎം
ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഒരു ഉപകരണമായിരിക്കും ആര്‍വിഎം. ഒരു സമയം 72 മണ്ഡലങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയും. തങ്ങളുടെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ കോഡ് ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് കാണാന്‍ സാധിക്കും. യോഗ്യരായ വോട്ടര്‍മാര്‍ റിട്ടേണിങ് ഓഫിസറുടെ പക്കല്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ മണ്ഡലത്തിന് പുറത്തുള്ള സ്ഥലങ്ങളില്‍ പ്രത്യേക ആര്‍വിഎം പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.