കൊച്ചി: മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ അടിക്കടി ഉയര്‍ന്നുവരുന്നുണ്ട്. യുഎപിഎ നിയമവും രാജ്യദ്രോഹക്കുറ്റവും ചുമത്തി നിരപരാധികളെയടക്കം തടവില്‍ പാര്‍പ്പിക്കുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നും പരക്കെ ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.
ഈ വര്‍ഷം രാജ്യത്ത് 213 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ട എന്നുതന്നെ ഇതിനെ പറയാം. 2011 ല്‍ 99 ഉം, 2012 ല്‍ 74 ഉം, 2013 ല്‍ 100 ഉം, 2014 ല്‍ 63 ഉം, 2015 ല്‍ 89 പേരും കൊല്ലപ്പെട്ടിടത്താണ് 2016 നവംബര്‍ പൂര്‍ത്തിയാകുമ്പോഴേക്കും 213 പേരെ വിവിധ സേനകള്‍ വധിച്ചത്.
അതേസമയം, 64 സുരക്ഷാ സേനാംഗങ്ങളും ഇക്കാലയളവില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. 2015 ല്‍ 59 ഉം, 2014 ല്‍ 88 പേരും മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. 2016 ല്‍ കുഴിബോംബുകളടക്കം 106 ആക്രമണങ്ങള്‍ പൊലീസിന് നേര്‍ക്കുണ്ടായെന്നും 304 ഏറ്റുമുട്ടലുകള്‍ ഉണ്ടായെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാവോയിസ്റ്റുകളില്‍ നല്ലൊരു ശതമാനവും കീഴടങ്ങുന്നതായി കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തെ അപേക്ഷിച്ച് 2016 ല്‍ 1,414 പേര്‍ കീഴടങ്ങി. മുന്‍വര്‍ഷങ്ങളില്‍ കീഴടങ്ങിയവരേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. 2014 ല്‍ 676 ഉം, 2015 ല്‍ 570 ഉം പേരുമാണ് കീഴടങ്ങിയത്.
എന്നാല്‍ അറസ്റ്റിലായവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവൊന്നും ഇക്കാലയളവില്‍ ഉണ്ടായിട്ടില്ല. 1,702 പേരാണ് ഇതുവരെ പിടിയിലായത്. 2011 ല്‍ 2,030 പേരും 2012 ല്‍ 1,901 പേരും 2014 ല്‍ 1,696 പേരും 2015 ല്‍ 1,668 പേരും അറസ്റ്റിലായിരുന്നു.