ന്യൂഡല്‍ഹി : വിമാനത്തിലെ കൊതുക് ശല്യം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് 1.35 ലക്ഷം  രൂപ പിഴ ശിക്ഷ. പരാതിക്കാര്‍ക്ക് നാല്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്‍കണം എന്നാണ് അമൃത്‌സറിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെതാണ് വിധി.

ഏപ്രിലില്‍ ഡല്‍ഹിയില്‍ നിന്ന് അമൃത്‌സറിലേക്ക് പറന്ന മൂന്ന് അഭിഭാഷകരാണ് വിമാന കമ്പനിക്കെതിരെ പരാതിപ്പെട്ടത്. ഇത്തരത്തിലുള്ള പരാതികള്‍ ഒഴിവാക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ട് എന്നും പ്രാണികള്‍ കയറുന്നതും മറ്റും പൂര്‍ണമായും തടുക്കാനാകില്ല എന്നുമാണ് വിമാന കമ്പനി വാദിച്ചത്.

വിമാനക്കമ്പനിയുടെ വിശദീകരണം കടുത്ത അനാസ്ഥയാണ് എന്ന് ഫോറം നിരീക്ഷിച്ചു. മോശമായ സേവനം യാത്രക്കാരെ ഉപദ്രവിക്കുന്നതും മാനസികമായി യാതന നല്‍കുന്നതും ആയിരുന്നു എന്നും വിധിയില്‍ നിരീക്ഷണമുണ്ട്.

യാത്രക്കിടയില്‍ തന്നെ വിമാനത്തിലെ ജീവനക്കാരോട് പരാതി നല്‍കിയിരുന്നു. തങ്ങള്‍ നിസ്സഹായരാണ് എന്നും വിമാനത്തില്‍ പ്രാണികളും കൊതുകുകളും കയറുന്നതൊക്കെ സ്ഥിരം സംഭവമാണ് എന്നുമായിരുന്നു യാത്രക്കാര്‍ക്ക് ലഭിച്ച മറുപടി. ഓരോ തവണയും വിമാനം പ്രാണികളില്‍ നിന്ന് വിമുക്തമാക്കുക എന്നത് നടക്കുന്ന കാര്യമല്ല എന്നും അവര്‍ അറിയിക്കുകയുണ്ടായി.

അമൃത്‌സറില്‍ ഇറങ്ങിയ ശേഷം വിമാനത്താവളം അധികൃതരോട് പരാതിപ്പെട്ടെങ്കിലും അവരും പരാതിയില്‍ ശ്രദ്ധ ചെലുത്തിയില്ല എന്ന് പരാതിക്കാരനായ അഭിഭാഷകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട്‌ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook