മുംബൈ: അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാവിലെ 9.30ന് അന്ധേരിയില്‍ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനം ആരംഭിച്ചു. അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ ആണ് ഇന്നലെ രാത്രി 9.20ഓടെ മൃതദേഹം ദുബായില്‍ നിന്നും മുംബൈയിലെത്തിച്ചത്. വൈകിട്ടോടെ ശ്രീദേവിയുടെ ഭൗതിക ശരീരം സംസ്കരിക്കും.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും സഹോദരന്‍ അനില്‍ കപൂറും മക്കളും ചേര്‍ന്നാണ് ‌മുംബൈയിലെ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയത്. നെഞ്ചോട് ചേര്‍ത്ത് സ്നേഹിച്ച നടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ ശ്രീദേവിയുടെ അന്ധേരിയിലേക്ക് ആരാധക പ്രവാഹമാണ്. സിനിമാ താരങ്ങളും സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പേരും ശ്രീദേവിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

card final

ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് പ്രോസിക്യൂഷനും ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുകിട്ടുന്നതിനുളള തടസ്സം നീങ്ങിയത്. അനിൽ അംബാനിയുടെ ചാർട്ടേഡ് വിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. വൈകുന്നേരം 3.30ന് പവന്‍ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും.

ശ്രീദേവി മരണം നടന്നതിന്റെ മൂന്നാം ദിവസമാണ് മൃതദേഹം ഇന്ത്യയിൽ എത്തിച്ചത്. ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിക്കുന്നതിനുളള കാലതാമസമാണ് മൃതദേഹം വിട്ടുകിട്ടാൻ വൈകിയത്. ശ്രീദേവി താമസിച്ചിരുന്ന ദുബായിലെ ജുമൈറ എമിറേറ്റ്സ് ടവർ ഹോട്ടൽ മുറിയിൽ ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതോടെ അസ്വാഭാവിക മരണത്തിനു കേസ് എടുത്തു. തുടർന്ന് കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത് നടപടി വൈകിച്ചു.

ഫെബ്രുവരി 25 ശനിയാഴ്ചയാണ് ദുബായിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബിൽ ബോധരഹിതയായ നിലയിൽ ശ്രീദേവിയെ ഭർത്താവ് ബോണി കപൂർ കണ്ടത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ