ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മയ്ക്ക് സുപ്രീം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുടെ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Read More: ‘മമതയോട് മാപ്പ് പറഞ്ഞാല്‍ ജാമ്യം തരാം’; ബിജെപി വനിതാ നേതാവിനോട് സുപ്രീം കോടതി

മാപ്പ് എഴുതി തന്ന ശേഷം വിട്ടയക്കാമെന്ന മുന്‍ നിലപാട് കോടതി തിരുത്തി. വിട്ടയച്ച ശേഷം മാപ്പ് പറഞ്ഞാല്‍ മതിയെന്നായിരുന്നു സുപ്രീം കോടതി ഇന്ന് നിലപാട് സ്വീകരിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ നടപടിയാണ് പ്രിയങ്കയുടെ അറസ്റ്റെന്ന് പ്രിയങ്ക ശര്‍മയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കോടതിയില്‍ വാദിച്ചു. ഭരണഘടനാ അവകാശങ്ങള്‍ക്കെതിരാണ് അറസ്റ്റെന്നും അഭിഭാഷകനായ നീരജ് കിഷന്‍ പറഞ്ഞു. മേയ് 10 നാണ് മമതയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.

ബിജെപിയുടെ യുവമോര്‍ച്ച നേതാവാണ് പ്രിയങ്ക. ഫെയ്സ്ബുക്കിലൂടെ മമതയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രിയങ്ക പ്രചരിപ്പിക്കുകയായിരുന്നു. ഹൗറ സിറ്റി പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തിരിച്ചറിഞ്ഞത്.

മെറ്റ് ഗാലയില്‍ പ്രത്യക്ഷപ്പെട്ട പ്രിയങ്ക ചോപ്രയുടെ ചിത്രം ഉപയോഗിച്ചാണ് ബിജെപി നേതാവ് പോസ്റ്റ് തയ്യാറാക്കിയത്. പ്രിയങ്ക ചോപ്രയുടെ ചിത്രം ഉപയോഗിച്ചാണ് മമതയുടെ ചിത്രത്തിനൊപ്പം മോര്‍ഫ് ചെയ്തത്. ഈ ചിത്രം വ്യാപകമായ രീതിയില്‍ സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ നേതാക്കള്‍ പരാതി നല്‍കിയത്.

പ്രിയങ്ക ചോപ്രയുടെ മെറ്റ് ഗാല വേഷവിധാനം ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന മെറ്റ് ഗാലയുടെ റെഡ് കാർപെറ്റില്‍ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക് ജൊനാസും ഉണ്ടായിരുന്നു. റെഡ് കാർപെറ്റിലൂടെ പ്രണയാതുരരായി നടന്ന് നീങ്ങിയ നിക്കും പ്രിയങ്കയുമാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. എന്നാല്‍ പ്രിയങ്കയുടെ വസ്ത്രത്തിനും മേക്കപ്പിനും ട്രോള്‍ ബഹളമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook