ന്യൂഡൽഹി: അണ്ണാ ഡിഎംകെ അമ്മ ജനറല്‍ സെക്രട്ടറി വികെ ശശികലയുടെ അനന്തരവനും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി ദിനകരന് എതിരെ ഡൽഹി ക്രൈംബ്രാഞ്ച് കേസെടുത്തു. അണ്ണാ ഡി.എം.കെയുടെ ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് കേസ്.

രണ്ടില ചിഹ്നത്തിനായി കൈക്കൂലി തരാമെന്ന വാഗ്ദാനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് നടപടി. തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾക്ക് നൽകാൻ സൂക്ഷിച്ച ഒന്നരക്കോടി രൂപയും ബി.എം.ഡബ്യു കാറും മെഴ്സിഡസ് കാറും സഹിതം സെൻട്രൽ ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്ന് ടി.ടി.വി ദിനകരെൻറ അടുത്ത അനുയായി എസ്. ചന്ദ്രശേഖരൻ എന്നയാളെ ഡൽഹി പൊലീസ് പിടികൂടി. രണ്ടില ചിഹ്നം ശശികല പക്ഷത്തിന് ലഭിക്കുമെന്ന് ഉറപ്പാക്കിയാൽ 50കോടി രൂപ നൽകാമെന്ന് ദിനകരൻ വാഗ്ദാനം ചെയ്തതായും ചന്ദ്രശേഖരൻ പൊലീസിനോട് പറഞ്ഞു.

അണ്ണാ ഡി.എം.കെയിൽ പിളർപ്പുണ്ടെന്ന് അംഗീകരിച്ച്, പാർട്ടിയുടെ രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരുന്നു. തുടർന്ന് തൊപ്പി ചിഹ്നത്തിലാണ് ദിനകരൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ