ന്യൂഡല്‍ഹി: ഹരിയാന നിയമസഭയെ നഗനനായി അഭിസംബോധന ചെയ്ത വിവാദ ജൈനമത സന്യാസി തരുണ്‍ സാഗര്‍ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോള്‍. പാക്കിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദികളെക്കാള്‍ കൂടുതല്‍ ദ്രോഹികള്‍ ഇന്ത്യക്ക് അകത്താണ് ഉള്ളതെന്നാണ് ജൈനസന്യാസി തരുണ്‍ സാഗര്‍ പറഞ്ഞിരിക്കുന്നത്. ഒരാളെയും പേരെടുത്ത് പറയാതെ “ഈ രാജ്യത്ത് തിന്നുകയും കുടിക്കുകയും ചെയ്തിട്ട് പാക്കിസ്ഥാനു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവര്‍ ഇവിടെയുണ്ട് ” അദ്ദേഹം പറഞ്ഞു.
” ഇന്ത്യയില്‍ ജീവിക്കുന്ന ചിലര്‍ പാക്കിസ്ഥാനെ ബഹുമാനിക്കുന്നു. അവര്‍ രാജ്യദ്രോഹികളല്ലേ ? പാക്കിസ്ഥാനിലുള്ള തീവ്രവാദികളെക്കാള്‍ കൂടുതല്‍ ദ്രോഹികള്‍ ഇന്ത്യയ്ക്ക് അകത്താണ് ഉള്ളത്” തരുണ്‍ സാഗര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ വൈരുദ്ധ്യങ്ങള്‍ എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു തരുണ്‍ സാഗറിന്‍റെ അഭിപ്രായപ്രകടനം. “തീവ്രവാദികള്‍ ഒരിക്കലും കടുവയെ പോലെ മുന്നില്‍ നിന്നാക്രമിക്കില്ല. അവര്‍ ചെന്നായകളെ പോലെ പിന്നില്‍ നിന്നാണ് ആക്രമിക്കുന്നത് ” തരുണ്‍ സാഗര്‍ പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചും ജൈന മത സന്യാസി സംസാരിച്ചു “ഇന്ത്യ ഒരു ദരിദ്രരാഷ്ട്രമല്ല, പക്ഷെ ഇവിടെ അസമത്വമുണ്ട്” അദ്ദേഹം പറഞ്ഞു.
ഈ മാസമാദ്യം നടത്തിയ പ്രഭാഷണത്തില്‍ ജനങ്ങളോട് ഒരു ദിവസം ശ്മശാനത്തില്‍ ചെലവിടാന്‍ അദ്ദേഹം പറഞ്ഞിരുന്നു. ” ആളുകള്‍ ഇപ്പോള്‍ ഹോട്ടലുകളിലും പിക്നിക് സ്ഥലങ്ങളിലും അമ്പലങ്ങളിലുമൊക്കെയാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. പക്ഷെ എനിക്ക് അനുഭവപ്പെടുന്നത് അവര്‍ ജീവിക്കുന്ന ജീവിതത്തില്‍. ആ ബഹളങ്ങള്‍ക്കിടയില്‍ ജീവിതത്തിന്‍റെ യഥാര്‍ത്ത അര്‍ത്ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.” അദ്ദേഹം പറഞ്ഞു