നിജര്‍: ഉത്തര നിജറിലെ മരുഭൂമിയില്‍ സ്ത്രീകളും കുട്ടികളും അടക്കം 44 കുടിയേറ്റക്കാര്‍ ദാഹിച്ചു മരിച്ചു. ലിബിയയിലേക്കുള്ള യാത്രാമധ്യേ വാഹനം താകരാറിലാവുകയും മരുഭൂമിക്ക് നടുവില്‍ വെള്ളം പോലും കിട്ടാതെ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

യാത്രികരുടെ കൂട്ടത്തിലുണ്ടായിരുന്ന ആറ് പേര്‍ അടുത്തുള്ള ഗ്രാമത്തിലെത്തിയാണ് വിവരം അറിയിച്ചത്. ദാഹിച്ചുമരിച്ചവരില്‍ ഭൂരിഭാഗവും ഘാനയില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി റെഡ്ക്രോസ് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാര്‍ നിജര്‍ വഴി ലിബിയയിലേക്കാണ് ആദ്യം പോവുക. നേരത്തേയും നിരവധി കുടിയേറ്റക്കാര്‍ നിജറിന്റെ ചൂടില്‍ വീണുപോയിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം നിജറില്‍ നിന്നുളള എട്ട് കുടിയേറ്റക്കാരെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അള്‍ജീരിയയിലേക്കുള്ള യാത്രാമധ്യേയാണ് ഇവര്‍ ദാഹിച്ചു മരിച്ചത്.

കഴിഞ്ഞ മാസം ഉത്തര നിജറില്‍ പട്രോള്‍ നടത്തുകയായിരുന്ന സൈന്യം 40 കുടിയേറ്റക്കാരെ മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ലിബിയയിലേക്കുള്ള യാത്രാമധ്യേ കള്ളക്കടത്തുകാരും ഏജറ്റുമാരും ഉപേക്ഷിച്ചവരെയാണ് സൈന്യം രക്ഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ