രാജ്പൂര്‍: ചത്തീസ്ഗഢില്‍ ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ മൂന്ന് ദിവസത്തിനിടെ ചത്തത് 200ല്‍ അധികം പശുക്കള്‍. ധര്‍ഗ് ജില്ലയിലെ രാജ്പൂരില്‍ പശുക്കള്‍ ചത്തത് പട്ടിണിയും ചികിത്സ ലഭിക്കാത്തതും കൊണ്ടാണെന്നാണ് ആരോപണം. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ചത്ത പശുക്കളില്‍ 27 എണ്ണം ആഹാരം കിട്ടാതെ മരിച്ചതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 200ല്‍ അധികം പശുക്കള്‍ ചത്തിട്ടുണ്ടെന്നും ഇവയെ ഗോശാലയ്ക്ക് അടുത്ത് തന്നെ കുഴിച്ചമൂടിയിരിക്കുകയാണെന്നും നാട്ടുകാര്‍ വെളിപ്പെടുത്തി. കുഴിച്ച് മൂടിയവ അല്ലാതെയുളള പശുക്കളുടെ മൃതദേഹങ്ങള്‍ സമീപത്ത് നിന്നും കണ്ടെത്തിയതായും നാട്ടുകാര്‍ ആരോപിച്ചു.

ജാമൂല്‍ നഗര്‍ നിഗം പഞ്ചായത്ത് വൈസ് പ്രസിഡന്റും ബിജെപി നേതാവുമായ ഹരീഷ് വര്‍മ്മ കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തുന്ന ഗോശാലയിലാണ് പശുക്കള്‍ ദാരുണമായി ചത്തൊടുങ്ങിയതായി വിവരം പുറത്തുവരുന്നത്. ജെസിബികള്‍ ഉപയോഗിച്ച് കുഴിയെടുത്തെന്നും പിന്നീട് പശുക്കളെ കുഴിച്ച് മൂടുന്നതായി കണ്ടുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പശുക്കള്‍ ചത്തത് പട്ടിണിയും വൈദ്യസഹായത്തിന്റെ അഭാവം കൊണ്ടാണെന്നും വ്യക്തമായത്. 27 പശുക്കളുടെ മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടത്താനായത്. മറ്റ് 50 പശുക്കളുടെ നില കൂടി ഗുരുതരമാണെന്നും ജീവന്‍ പോകാന്‍ സാധ്യതയുണ്ടെന്നും ധര്‍ഗ് ജില്ലാ മൃഗപരിപാലന വകുപ്പ് ഡയറക്ടര്‍ എംകെ ചൗള പറഞ്ഞു.

എന്നാല്‍ രണ്ട് ദിവസം മുമ്പ് ഗോശാലയുടെ മതില്‍ തകര്‍ന്നാണ് ഇത്രയും പശുക്കള്‍ ചത്തതെന്നാണ് ഹരീഷ് വര്‍മ്മ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നല്ലൊരു ഗോശാലയ്ക്കായി താന്‍ സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ആരോപിച്ചു. “650ല്‍ പരം പശുക്കള്‍ ഗോശാലയിലുണ്ട്. അവയ്ക്ക് തീറ്റ കൊടുക്കാന്‍ സഹായിക്കണമെന്ന് കാട്ടി ധനസഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് വരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പശുക്കള്‍ ചത്തതിന് ഞാനല്ല ഉത്തരവാദി.” ബിജെപി നേതാവ് വ്യക്തമാക്കി.

എന്നാല്‍ സംഭവത്തില്‍ ഇതുവരെയും ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഒരു ഔദ്യോഗിക പരാതിക്കായി കാത്തിരിക്കുകയാണെന്നും ധര്‍ഗ് ഐജി ദീപാന്‍ഷു കബ്ര പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ