കീവ്: റഷ്യന്‍ ആക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ ഉടന്‍ തലസ്ഥാന നഗരമായ കീവ് വിടണമെന്ന് യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി. ലഭ്യമായ ട്രെയിനുകളിലോ യാത്രാ മാര്‍ഗങ്ങളോ സ്വീകരിക്കാനാണ് നിര്‍ദേശം.
നേരത്തെ കീവില്‍ കുടങ്ങിയ ആയിരത്തിലധികം വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലെത്തിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. ഫെബ്രുവരി 24 മുതല്‍ എംബസിക്ക് സമീപം ഉണ്ടായിരുന്ന നാനൂറോളം വിദ്യാര്‍ഥികളെ വിജയകരമായി കീവ് കടത്തി. കര്‍ഫ്യു നീക്കുന്നതനുസരിച്ച് വിദ്യാര്‍ഥികള്‍ കീവില്‍ നിന്നും യാത്ര തിരിക്കണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, യുക്രൈനില്‍ കുടങ്ങിയ 182 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു. ബുക്കാറസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം രാവിലെ 7.40 നാണ് മുംബൈയില്‍ എത്തിയത്. ഓപ്പറേഷന്‍ ഗംഗ കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രക്ഷാദൗത്വം ഏകോപിപ്പിക്കാന്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി. കെ. സിങ് എന്നിവരെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് യുക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക് അയക്കാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ഹംഗറി (ഹര്‍ദീപ്), സ്ലോവാക്കിയ (കിരണ്‍ റിജിജു), റൊമാനിയ, മോള്‍ഡോവ (സിന്ധ്യ), പോളണ്ട് (വി. കെ. സിങ്) എന്നീ രാജ്യങ്ങളിലേക്കാണ് മന്ത്രിമാരുടെ യാത്ര.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ ആറ് വിമാനങ്ങളിലായി 1,396 പൗരന്മാരെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. ഏകദേശം ഇരുപതിനായിരത്തിലധികം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവില്‍ ആക്രമണം കുറഞ്ഞ പ്രദേശങ്ങളിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
അതേസമയം, സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി റഷ്യയുടെ സൈന്യവ്യൂഹം നീങ്ങുകയാണ്. കീവിന് വടക്ക് ഭാഗത്തായി 64 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന റഷ്യന്‍ സൈനിക വാഹനവ്യൂഹത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. മാക്സര്‍ ടെക്നോളജീസിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Also Read: Russia-Ukraine Crisis: റഷ്യക്ക് വിലക്കുമായി ഫിഫയും യുവേഫയും; ലോകകപ്പില്‍ തിരിച്ചടിയായേക്കും