ഹവാന: ക്യൂബയില്‍ 105 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകര്‍ന്നു വീണ് 100 പേര്‍ മരിച്ചതായി വിവരം. ബോയിങ് 737 ജെറ്റ് വിമാനമാണ് ഹവാനയില്‍ തകര്‍ന്ന് വീണത്. വെള്ളിയാഴ്‌ച ക്യൂബന്‍ സമയം ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. ഹവാന രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടന്‍ ബോയിങ് 737 എന്ന യാത്രാവിമാനം തകര്‍ന്നു വീഴുകയായിരുന്നു.

റണ്‍വേയില്‍ നിന്നും കിലോമീറ്ററുകള്‍ അപ്പുറം മാത്രം തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും ഗുരുതര പരുക്കുകളോടെ രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് സ്ത്രീകളാണ് രക്ഷപ്പെട്ടതെങ്കിലും ഒരാള്‍ മരിച്ചു. ക്യൂബന്‍ നഗരമായ ഹോല്‍ഗിനിലേക്ക് പുറപ്പെട്ട വിമാനം ഒരു കൃഷി സ്ഥലത്താണ് തകര്‍ന്നു വീണത്. ഒരു നവജാത ശിശു അടക്കം 105 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേര്‍ വിദേശികളും 100 ക്യൂബന്‍ സ്വദേശികളുമാണ്. വിമാനത്തിലെ അഞ്ച് ജീവനക്കാര്‍ മെക്സിക്കന്‍ സ്വദേശികളാണെന്നാണ് വിവരം.

അപകട കാരണം വ്യക്തമായിട്ടില്ല. യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് ക്യൂബ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. മെക്സിക്കന്‍ കമ്പനിയായ ഗ്ലോബല്‍ എയറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ