കൊച്ചി: കേരളത്തിൽ നിന്ന് കാണാതായ യുവാക്കളടക്കം നൂറിലേറെ ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്യാന്പിൽ പരിശീലനം നേടുന്നതായി റിപ്പോർട്ട്. അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി ഇതു സംബന്ധിച്ച റിപ്പോർട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യ്‌ക്ക് നൽകിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

കാണാതായ 22 മലയാളികളടക്കം 30 പേർ ക്യാന്പിൽ ഉണ്ടെന്നായിരുന്നുവെന്നാണ് എൻ.ഐ.എ സംശയം. എന്നാൽ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മലയാളികൾ ക്യാന്പിൽ ഉണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് എൻ.ഐ.എ. കേരളത്തിൽ നിന്ന് പോയവരെ കൂടാതെ ഗൾഫിൽ നിന്ന് കൂടുതൽ പേർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളത്. കോഴിക്കോട് സ്വദേശി സജീർ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് അഫ്‌ഗാനിസ്ഥാനിലെ നാംഗർഹാറിൽ കേരളത്തിൽ നിന്നുള്ളവർ എത്തിച്ചേർന്നതെന്ന നിഗമനത്തിലാണ് ഇപ്പോൾ എൻ.ഐ.എ ഉള്ളത്. സജീറുമായും കാണാതായ കാസർകോട് സ്വദേശി അബ്ദുൾ റഷീദുമായും ബന്ധമുള്ളവരെയാണ് ഇപ്പോൾ തിരയുന്നത്. ഇരുവരും ചേർന്ന് ജാമ്യത്തിലിറക്കിയ ക്രിമിനൽ കേസ് പ്രതികൾക്കായി സംസ്ഥാനത്തെ വിവിധ ക്രിമിനൽ കേസ് രേഖകളുടെ പരിശോധന തുടങ്ങി.

ഭീകരർ ഗൾഫ് നാടുകൾ വഴി തിരിച്ച് നാട്ടിലേക്ക് വരുമെന്ന് എൻ.ഐ.എ കരുതുന്നുണ്ട്. ഇന്ത്യയിൽ ഐ.എസിന്റെ സ്ലീപ്പിംഗ് സെല്ലുകൾ രൂപീകരിച്ച് കൂടുതൽ പേരെ സംഘടിപ്പിക്കാനും സംഘടിത ആക്രമണങ്ങൾ നടത്താനുമാണ് ഇവർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നതെന്ന് അഫ്ഗാൻ രഹസ്യന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook