Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഭാരത് ബന്ദ് സമാധാനപരമായിരിക്കണമെന്ന് കർഷക സംഘടനകൾ; നിർബന്ധിച്ച് കടകൾ അടപ്പിക്കരുത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പടെയുള്ള മാർഗ നിർദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. ബന്ദ് സമാധാനപരമായിരിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. നിർബന്ധിച്ച് കടകൾ അടപ്പിക്കരുതെന്നും കർഷകർ.

ബന്ദിന് മുന്നോടിയായി സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കാൻ കേന്ദ്ര നിർദേശം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പടെയുള്ള മാർഗ നിർദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാഷ്ട്രീയ-സിനിമ-സാംസ്കാരിക രംഗത്തു നിന്നുള്ളവർ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി. പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ സമരവേദിയായ സിംഘുവില്‍ എത്തി. കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കണം എന്നായിരുന്നു കേജ്‌രിവാളിന്‍റെ ആവശ്യം. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ഔദ്യോഗിക സന്ദര്‍ശനമെന്ന പേരിലാണ് സിംഘുവിലെത്തിയതെങ്കിലും സമരത്തിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പിന്തുണ നേരിട്ടറിയിക്കുകയായിരുന്നു കേജ്‌രിവാൾ.

കേജ്‌രിവാള്‍ നാളത്തെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യവും അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്റ്റേഡിയങ്ങള്‍ തുറന്ന ജയിലുകളാക്കാനുള്ള കേന്ദ്രസമ്മര്‍ദ്ദം ശക്തമായിരുന്നുവെന്ന് കേജ്‌രിവാൾ സമരനേതാക്കളോട് പറഞ്ഞു. ആ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരുന്നതിനാലാണ് സമരം ഇത്രത്തോളം വളര്‍ന്നതെന്നും കേജ്‌രിവാള്‍ അവകാശപ്പെട്ടു. കാര്‍ഷിക നിയമങ്ങളെ ചൊല്ലി എന്‍ഡിഎ വിട്ട ശിരോമണി അകാലിദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യമറിയിച്ചു.

കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാനും കർഷകരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകാനുമായി സമാജ്‌വാദി പാർട്ടി (എസ്പി) പ്രസിഡന്റും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സംഘടിപ്പിച്ച കിസാൻ യാത്ര യോഗി ആദിത്യനാഥ് സർക്കാർ തടഞ്ഞു. അഖിലേഷ് യാദവ് കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകാനായി കനൗജിലേക്ക് പോകുന്നത് തടയാൻ അദ്ദേഹത്തിന്റെ ലക്നൗവിലെ വസതിക്ക് പുറത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി)യും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി മേധാവി മായാവതി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്നുണ്ടെന്നും അത് പിൻവലിക്കണമെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു.

കർഷകരുടെ സമരത്തിന് പിന്തുണയുമായി സിനിമ മേഖലയിൽ നിന്നുള്ളവരും രംഗത്തെത്തി. കര്‍ഷക സമരത്തെ ശക്തമായി പിന്തുണച്ച ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം.കർഷകർ നമ്മുടെ ഭക്ഷ്യ സൈന്യം ആണെന്നും അവരുടെ ഭയത്തെ ലഘൂകരിച്ചേ മതിയാകൂ എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

“നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ലഘൂകരിച്ചേ മതിയാകൂ. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും വേണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട് പ്രിയങ്കയുടെ ട്വീറ്റിൽ പറയുന്നു.

സമരം ചെയ്യുന്ന കർഷകർക്ക് സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കർഷകർക്ക് തണുപ്പിനെ അതിജീവിക്കാൻ കമ്പിളി പുതപ്പ് വാങ്ങാൻ ഗായകൻ ദിൽജിത് ഒരു കോടി രൂപയാണ് നൽകിയത്.

ഇരുവർക്കും പുറമെ, പ്രീതി സിന്റെ, റിതേഷ് ദേശ്മുഖ്, റിച്ച ചദ്ദ, ഹൻസൽ മേത്ത, അനുഭവ് സിൻഹ തുടങ്ങിയവരും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു.

“നിങ്ങൾ ഇന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ, കർഷകന് നന്ദി പറയുക. നമ്മുടെ രാജ്യത്തെ ഓരോ കർഷകനോടും ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ജയ് കിസാൻ,” എന്നാണ് റിതേഷ് കുറിച്ചത്.

കർഷകർ യഥാർത്ഥത്തിൽ കർഷകരല്ലെന്ന വിവേക് അഗ്നിഹോത്രിയ്ക്ക് മറുപടിയുമായി ഹൻസൽ മേത്ത രംഗത്തെത്തി.

“എപ്പോഴുമെന്ന പോലെ അവരെ പരിഹസിക്കൂ. എപ്പോഴുമെന്ന പോലെ അവരെ കേൾക്കാതിരിക്കൂ,” എന്നായിരുന്നു ഹൻസലിന്റെ പ്രതികരണം.

“കർഷകർ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് ചിന്തിക്കുന്നവർക്കായി, ഇതു വായിക്കുക: ഇന്ത്യ കഴിഞ്ഞ 2 പതിറ്റാണ്ടുകളായി ഒരു കാർഷിക പ്രതിസന്ധി നേരിടുന്നു, പ്രതിവർഷം 12000 കർഷകർ ആത്മഹത്യ ചെയ്യുന്നു, അതായത് പ്രതിദിനം 30 ൽ കൂടുതൽ! നമ്മുടെ പാത്രങ്ങളിൽ ഭക്ഷണം ഇടുന്ന ആളുകളുടെ ഏറ്റവും വലിയ പ്രതിഷേധമാണിത്,” റിച്ച ചദ്ദ കുറിച്ചു.

“ഈ മഹാമാരിയിൽ തണുപ്പിൽ പ്രതിഷേധിക്കുന്ന കർഷകരോടും അവരുടെ കുടുംബങ്ങളോടും ഞാൻ ഹൃദയംകൊണ്ട് ചേർന്നു നിൽക്കുന്നു. അവർ നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന മണ്ണിന്റെ പടയാളികളാണ്. കർഷകരും സർക്കാരും തമ്മിലുള്ള ചർച്ച ഉടൻ നല്ല ഫലങ്ങൾ നൽകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു,” പ്രീതി സിന്റ കുറിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: More support farmers protest bharat bandh tomorrow

Next Story
തറക്കല്ലിടാം; പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം തടഞ്ഞ് സുപ്രീംകോടതിsupreme court allows parliament construction, SC parliament construction, SC new parliament building, supreme court on parliament building, news parliament building, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express