ന്യൂഡൽഹി: ഇന്ത്യയിൽ ഇതാദ്യമായി കോവിഡ് കേസുകളെക്കാൾ രോഗമുക്തരായവരുടെ എണ്ണം കൂടി. നിലവിൽ 2,76,583 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇതിൽ 1,35,206 പേർ രോഗമുക്തരായി. നിലവിൽ രോഗികളായി തുടരുന്നവർ 1,33,632 എണ്ണമാണ്. കോവിഡ് രോഗികളെക്കാൾ രോഗമുക്തരുടെ എണ്ണം ഇന്ത്യയിൽ കൂടുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 7,745 പേർ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 279 പേരാണ്. ഇതുവരെ 50 ലക്ഷത്തോളം പേർക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

Read Also: കോവിഡ്: ഡിഎംകെ എംഎൽഎ ജെ.അൻപഴകൻ അന്തരിച്ചു

അതേസമയം, കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. യുഎസ്, ബ്രസീൽ, റഷ്യ, യുകെ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. ഇന്ത്യയിൽ കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. മുംബൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 51,100 ആണ്. രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്നാടും ഡൽഹിയുമാണ് മുന്നിൽ.

ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. സംസ്ഥാനത്ത് ഇതുവരെ 907 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം അവസാനത്തോടെ ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook