മുംബൈ: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്‌ കൈതാങ്ങുമായി മറ്റ് സംസ്ഥാനങ്ങളും. വിവിധ സംസ്ഥാന സർക്കാരുകളും സന്നദ്ധ സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി വൻ തുകകൾ നൽകിയിട്ടുണ്ട്. ധനസഹായത്തിന് പുറമെ ഭക്ഷണവും മരുന്നുമുൾപ്പടെയുള്ള സഹായങ്ങളാണ് കേരളത്തിന്‌ ഇപ്പോൾ ലഭിക്കുന്നത്.

240 രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം ഇന്ന് ഒറീസയിൽ നിന്ന് കേരളത്തിലെത്തും. ഇവർക്കൊപ്പം 75 ജീവൻ രക്ഷാ ബോട്ടുകളും ഒഡിഷ സർക്കാർ കേരളത്തിലേക്ക് അയയ്ക്കുന്നുണ്ട്. 5 കോടി രൂപയുടെ അടിയന്തര സഹായവും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് കേരളത്തിന്‌ നൽകിയിട്ടുണ്ട്. ഇതിന് പുറമെ 24 മണിക്കൂർ ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നു.

കേരളത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മഹാരാഷ്ട്ര സർക്കാർ ട്രെയിനിൽ കുടിവെള്ളം കേരളത്തിലെത്തിക്കുന്നുണ്ട്. 7 ലക്ഷം ലിറ്റർ വെള്ളവുമായി ആദ്യ ട്രെയിൻ പുണെയിൽ നിന്ന് പുറപ്പെട്ട് കഴിഞ്ഞു.

മഹാരാഷ്ട്രയിൽനിന്നും വെളളവുമായി കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിൻ

ഇന്നലെ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ധനസഹായത്തിന് പുറമെ കേരളത്തിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടിയന്തര യോഗം വിളിച്ചിരുന്നു. ഹരിയാന, ബിഹാർ സർക്കാരും കേരളത്തിനാശ്വാസമായി 10 കോടി രൂപ വാഗ്‌ദാനം ചെയ്തിട്ടുണ്ട്.

25 കോടി രൂപയുടെ ധനസഹായമാണ് തെലങ്കാന കേരളത്തിനായി നൽകിയിരിക്കുന്നത്. ഇതിന് പുറമെ രണ്ടര കോടി രൂപ വിലമതിക്കുന്ന കുടിവെള്ള ശുജ്ജീകരണ ഉപകരണങ്ങളും നൽകാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഉത്തരവിട്ടിട്ടുണ്ട്.

അയൽ സംസ്ഥാനമായ തമിഴ്നാട് സർക്കാരാണ് ദുരന്തത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ കേരളത്തിന്‌ സഹായവുമായി എത്തിയത്. തമിഴ്നാട് സർക്കാർ മൂന്ന് കോടി രൂപയും പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ ഒരു കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തകരും ദുരന്തമുഖത്ത് സേവനം ചെയ്യുന്നുണ്ട്.

പഞ്ചാബ് സർക്കാരും 10 കോടി രൂപയുടെ സഹായമാണ് വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ഇതിൽ അഞ്ച് കോടി രൂപ ഇതിനോടകം ദുരിതാശ്വാസ നിധിയിൽ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള തുകയ്ക്ക് ഭക്ഷണം ഉൾപ്പടെയുള്ള സഹായങ്ങൾ പ്രതിരോധ വകുപ്പിന്റെ സഹായത്തോടെ കേരളത്തിലെത്തിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ