അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ കുറഞ്ഞത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. കര്‍ഷകരും പട്ടേല്‍ വിഭാഗവും തിരികൊളുത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മോദി ഗുജറാത്തില്‍ എത്തിയത്. മോദി അഭിസംബോധന ചെയ്ത തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളുടെ പങ്കാളിത്തം വളരെ കുറവാണെന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. മോദി വേദിയില്‍ പ്രസംഗിക്കുമ്പോള്‍ നൂറുകണക്കിന് ഒഴിഞ്ഞ കസേരകളാണ് ദൃശ്യത്തിലുള്ളത്. എബിപി റിപ്പോര്‍ട്ടറാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഗുജറാത്തിൽ മോദി നയിക്കുന്ന റാലിയിൽ ആളെക്കൂട്ടാൻ പോലും കഴിയാത്ത ബിജെപി എങ്ങനെയാണ് അസംബ്ലിയിലെ 150 സീറ്റുകൾ തികയ്ക്കുകയെന്ന് ചോദിച്ചായിരുന്നു ജൈനേന്ദ്രകുമാർ പോസ്റ്റിട്ടത്. ബിജെപി തിരഞ്ഞെടുപ്പിൽ 150 സീറ്റുകൾ പിടിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ വിജയ് രൂപാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനെ ചോദ്യം ചെയ്താണ് ജൈനേന്ദ്രകുമാർ വിഡിയോ ഷെയർ ചെയ്തത്. മോദി സംസാരിക്കവേ വേദിയിൽ മിക്ക കസേരകളും ഒഴിഞ്ഞുകിടക്കുന്ന വിഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തതിന് പിന്നാലെ വിഡിയോ വൈറലാവുകയായിരുന്നു.

ഇതിന് മുമ്പ് ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിൽ ആളുകൾ ഇറങ്ങിപ്പോയിരുന്നു, ഏഴു ലക്ഷത്തോളം പേർ പങ്കെടുക്കുന്ന മെഗാ റാലിയായിരിക്കും അഹമ്മദാബാദിലേതെന്നു നേരത്തെ ബിജെപി നേതൃത്വം അവകാശപ്പെട്ടിരുന്നു. റാലിയിൽ അത്രയും ജനപങ്കാളിത്തം ഉണ്ടായില്ലെന്നു മാത്രമല്ല മോദി സംസാരിച്ചു കൊണ്ടിരിക്കെ ആളുകൾ വേദി വിട്ടുപോകുകയായിരുന്നെന്നും അന്ന് ജൻതാ കാ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും പട്ടേൽ സംവരണ നേതാവ് ഹർദിക് പട്ടേലിന്റേതും ജിഗ്നേഷ് മേവാനിയുടെയും റാലികളിൽ വൻ ജനാവലിയാണ് എത്തുന്നത് എന്നതും ഭരണകക്ഷിയുടെ ആധിയേറ്റുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ