ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ വാഴ്ത്തി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത്. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശത്തെ സ്വാഗതം ചെയ്താണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രഗ്യാ സിങ് ഠാക്കൂര്‍ മാപ്പ് പറയേണ്ട ആവശ്യമില്ല എന്നാണ് കേന്ദ്രമന്ത്രി കൂടിയായ അനന്ത് കുമാര്‍ ഹെഗ്‌ഡെ ട്വിറ്ററില്‍ കുറിച്ചത്. ഗോഡ്‌സെയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോഡ്സെയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും മരണപ്പെട്ട് ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്നത്തെ തലമുറ ഇതൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഗോഡ്സെയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും അനന്ത് കുമാർ ട്വിറ്ററിൽ കുറിച്ചു. ഗോഡ്സെയെ കുറിച്ച് നടത്തിയ പരാമർശത്തിൽ പ്രഗ്യാ സിങ് ഠാക്കൂർ മാപ്പ് പറയേണ്ടതില്ലെന്നും ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇതൊക്കെ പറയേണ്ടതെന്നും അനന്ത്കുമാർ ചോദിച്ചു. അതേസമയം, പരാമശം തന്റേതല്ലെന്നും ട്വിറ്റർ ഹാക്ക് ചെയ്തതാണെന്നും ഹെഗ്ഡെ പ്രതികരിച്ചു.
Read More: ‘മാപ്പ്…മാപ്പ്…’; ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ്
കർണാടകയിൽ നിന്നുള്ള ബിജെപി എംപി നളിൻ കുമാർ കട്ടീലാണ് ഗോഡ്സെ സ്തുതികളുമായി രംഗത്തെത്തിയ മറ്റൊരു നേതാവ്. നാഥുറാം ഗോഡ്സെയെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായാണ് നളിൻ കുമാർ താരതമ്യം ചെയ്തത്. ഗോഡ്സെ ഒരാളെ കൊന്നു, അജ്മൽ കസബ് 72 പേരെയാണ് കൊന്നത്, എന്നാൽ, രാജീവ് ഗാന്ധി 17,000 പേരെയാണ് കൊന്നത് (സിഖ് വിരുദ്ധ കലാപം ഉദ്ദേശിച്ച്). ഇതിൽ നിന്ന് വിധിക്കൂ ആരാണ് ഏറ്റവും വലിയ ക്രൂരനെന്ന്? എന്നായിരുന്നു നളിൻ കുമാർ ട്വീറ്റ് ചെയ്തത്. പരാമർശം വിവാദമായതോടെ നളിൻ കുമാർ ട്വീറ്റ് പിൻവലിച്ചു.
ഈ ചര്‍ച്ചകള്‍ക്കിടെയാണ് മറ്റൊരു വിവാദ പരാമര്‍ശവുമായി ബിജെപി വക്താവ് രംഗത്തെത്തിയത്. മഹാത്മഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന പരാമര്‍ശമാണ് അനില്‍ സൗമിത്ര നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൗമിത്രയുടെ വിവാദ പ്രസ്താവന.
രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയാണെന്നും നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഗോഡ്സെയെ കുറിച്ച് ചർച്ചയാകുന്നത്. അതിനു പിന്നാലെയാണ് ഗോഡ്സെ ദേശഭക്തനാണെന്ന വാദവുമായി പ്രഗ്യാ സിങ് ഠാക്കൂർ രംഗത്തെത്തിയത്. പരാമർശം വിവാദമായതോടെ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞു.
Read More: ‘നമ്മള്‍ വിചാരിക്കുന്ന ആളേയല്ല!’; ഗോഡ്‌സെ ദേശഭക്തനെന്ന് പ്രഗ്യാ സിങ്
ഗോഡ്‌സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.