scorecardresearch
Latest News

മോര്‍ബി ദുരന്തം: മരിച്ചവരില്‍ 55 കുരുന്നുകളും, ശൂന്യതയിലായി കുടുംബങ്ങള്‍

ഞായറാഴ്ച വൈകുന്നേരമായിരുന്നു അഫ്രീദ്ഷായും കുടുംബത്തില്‍ ഏഴ് പേരും ചേര്‍ന്ന് ചരിത്ര പ്രാധാന്യമുള്ള ജുല്‍ട്ടൊ പുള്‍ തൂക്കുപാലം സന്ദര്‍ശിക്കാനായി പോയത്. എന്നാല്‍ ഒരാള്‍ മാത്രമാണ് ജീവനോടെ മടങ്ങയെത്തിയത്

മോര്‍ബി ദുരന്തം: മരിച്ചവരില്‍ 55 കുരുന്നുകളും, ശൂന്യതയിലായി കുടുംബങ്ങള്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ മോർബി പട്ടണത്തിലെ വാങ്കനേർ ദർവാജയ്ക്ക് പിന്നിലെ ഇടുങ്ങിയ പാതയിലാണ് ഷഹ്മദാർ കുടുംബത്തിന്റെ വീട്. വീടിന്റെ വാതില്‍പടിയില്‍ 34-കാരനായ ആരിഫ്ഷാ ഷഹ്മദാര്‍ മരവിച്ച മനസോടെ ഇരിക്കുന്നു. സ്വീകരണ മുറിയില്‍ രണ്ട് പെൺകുട്ടികൾ ഷഫ്ദാറിന്റെ അമ്മ ഹുസൈനയ്ക്ക് ഖുർആൻ വായിച്ചു കേള്‍പ്പിക്കുന്നു. എന്നാൽ കിടപ്പുമുറിയിലേക്കുള്ള വാതിലിനടുത്തുള്ള ഒരു ചെറിയ ചുവന്ന കസേരയിലേക്കായിരുന്നു ആ അമ്മയുടെ ശ്രദ്ധ. ഒക്ടോബർ 30-ന് വൈകുന്നേരം വരെ ആ കസേരയിൽ ആരിഫ്ഷായുടെ അഞ്ച് വയസുള്ള മകൻ അഫ്രീദ്ഷാ ഇരിക്കുമായിരുന്നെന്ന് ഹുസൈന പറയുന്നു.

ഞായറാഴ്ച വൈകുന്നേരമായിരുന്നു അഫ്രീദ്ഷായും കുടുംബത്തില്‍ ഏഴ് പേരും ചേര്‍ന്ന് ചരിത്ര പ്രാധാന്യമുള്ള ജുല്‍ട്ടൊ പുള്‍ തൂക്കുപാലം സന്ദര്‍ശിക്കാനായി പോയത്. എന്നാല്‍ ഒരാള്‍ മാത്രമാണ് ജീവനോടെ മടങ്ങയെത്തിയത്.

അഫ്രീദ്‌ഷാ, സഹോദരി അമിയ എന്ന ഇൽഷ (7), അമ്മ അനീഷ (33), ബന്ധുക്കളായ മുസ്‌കൻ ഷഹ്മാദർ (21), നവാസ്‌ഷാ ബൻവ (13), തമന്ന ബൻവ (9), പിതൃസഹോദരി നസീം ബൻവ എന്നിവരാണ് പാലം തകർന്ന് മരിച്ചത്.

മോര്‍ബിയിലെ തൂക്കുപാലം ദുരന്തത്തില്‍ 135 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 55 പേരും കുട്ടികളാണ്. ജില്ലാഭരണകൂടത്തിന്റെ പട്ടിക പ്രകാരമുള്ള കണക്കാണിത്.

“ഞങ്ങളുടെ കുടുംബത്തിലെ ആരും ജുല്‍ട്ടൊ പുള്‍ സന്ദര്‍ശിച്ചിട്ടില്ല. എന്നാൽ എന്റെ മകൾ നസീമിന്റെ മകൻ ഷാനവാസ് പാലത്തിൽ പോകാൻ നിര്‍ബന്ധം പിടിച്ചു. അഫ്രീദ്ഷായും മറ്റ് കുട്ടികളും അതിനൊപ്പം ചേര്‍ന്നു. കുട്ടികളുടെ ആഗ്രഹം കണ്ടപ്പോള്‍ എനിക്ക് തടയാന്‍ തോന്നിയില്ല,” ഹുസൈന ഓര്‍ത്തു.

ഹുസൈന മരുമക്കളായ അനീഷയോടും മൂത്ത മകൻ ഹാജിഷയുടെ ഭാര്യ ജമീലയോടും മകൾ നസീമിനോടും അഞ്ചു കുട്ടികളെയും പാലത്തിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. “അവർ പാലത്തിലൂടെ മച്ചു നദി മുറിച്ചുകടന്ന് കിഴക്കൻ തീരത്തുള്ള കേസർ ബാഗിൽ കുറച്ച് സമയം ചെലവഴിക്കേണ്ടതായിരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തിലായിരുന്നു. അന്നാണ് ഞാൻ അവരെ ജീവനോടെ അവസാനമായി കണ്ടത്,” ഹുസൈന കൂട്ടിച്ചേര്‍ത്തു.

അഫ്രിദ്ഷായ്ക്ക് മുത്തശിയുമായായിരുന്നു കൂടുതല്‍ അടുപ്പം. “അവൻ സ്കൂളിൽ പോയി തുടങ്ങിയിട്ടില്ലെങ്കിലും, 100 വരെ എണ്ണാൻ കഴിയുമായിരുന്നു, ഇൽഷക്കൊപ്പം ട്യൂഷനിൽ ക്ലാസില്‍ കൂട്ടുപോയി അക്ഷരമാല പഠിച്ചു. എന്റെ മകളെയും അവളുടെ രണ്ട് കുട്ടികളെയും നഷ്ടപ്പെട്ടതിൽ എന്റെ നെഞ്ചുനീറുന്നുണ്ട്,” ഹുസൈനയുടെ തൊണ്ട ഇടറി.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം: Morbi tragedy: Among the 135 who died were 55 children. Their stories

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Morbi tragedy among the 135 who died were 55 children