മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ട് പുറത്ത്. എസ്ഐടിയുടെ പ്രാഥമിക അന്വേഷണത്തില്‍ തൂക്കുപാലത്തിലെ കേബിളിലെ വയറുകളുടെ പകുതിയോളം തുരുമ്പെടുത്തതും പഴയ സസ്‌പെന്‍ഡറുകള്‍ ഉപയോഗിച്ച് വെല്‍ഡിങ് ചെയ്തതുമായി കണ്ടെത്തി. തൂക്കുപാലത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാന പിഴവുകളില്‍ ഒന്നാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2022 ഡിസംബറില്‍ അഞ്ചംഗ എസ്‌ഐടി സമര്‍പ്പിച്ച മോര്‍ബി ബ്രിഡ്ജ് സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് അടുത്തിടെ മോര്‍ബി മുനിസിപ്പാലിറ്റിയുമായി സംസ്ഥാന നഗരവികസന വകുപ്പിനും കൈമാറി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30 ന് തകര്‍ന്ന മച്ചു നദിയിലെ ബ്രിട്ടീഷ് കാലഘട്ടത്തിലെ തൂക്കുപാലത്തിന്റെ പ്രവര്‍ത്തനവും അറ്റകുറ്റപ്പണിയും അജന്ത മാനുഫാക്ചറിംഗ് ലിമിറ്റഡിനായിരുന്നു (ഒറേവ ഗ്രൂപ്പ്). പാലത്തിന്റെ അറ്റകുറ്റപ്പണികളിലും നടത്തിപ്പിലും നിരവധി വീഴ്ചകള്‍ എസ്‌ഐടി കണ്ടെത്തിയിരുന്നു. ഐഎഎസ് ഓഫീസര്‍ രാജ്കുമാര്‍ ബെനിവാള്‍, ഐപിഎസ് ഓഫീസര്‍ സുഭാഷ് ത്രിവേദി, സംസ്ഥാന റോഡ്സ് ആന്റ് ബില്‍ഡിങ് ഡിപ്പാര്‍ട്ട്മെന്റിലെ സെക്രട്ടറിയും ചീഫ് എൻജിനീയറും സ്ട്രക്ചറല്‍ എൻജിനീയറിങ് പ്രൊഫസറും എസ്ഐടിയില്‍ അംഗങ്ങളായിരുന്നു.
1887ല്‍ മച്ചു നദിക്ക് മുകളിലൂടെ പഴയ ഭരണാധികാരികള്‍ നിര്‍മ്മിച്ച പാലത്തിന്റെ രണ്ട് പ്രധാന കേബിളുകളില്‍ ഒരു കേബിളിന് നാശനഷ്ടങ്ങളുണ്ടെന്നും ഒക്ടോബറില്‍ കേബിള്‍ പൊട്ടിയതിന് മുമ്പുതന്നെ അതിന്റെ പകുതിയോളം വയറുകളും പൊട്ടിപ്പോയിരിക്കാമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. നദിയുടെ മുകള്‍ഭാഗത്തുള്ള പ്രധാന കേബിള്‍ പൊട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് എസ്‌ഐടി അറിയിച്ചു. ഓരോ കേബിളും ഏഴ് സ്‌ട്രോണ്ടുകളാല്‍ രൂപീകരിച്ചു, ഓരോന്നും ഏഴ് സ്റ്റീല്‍ വയറുകള്‍ ഉള്‍ക്കൊള്ളുന്നു. ഈ കേബിള്‍ രൂപപ്പെടുത്തുന്നതിന് ആകെ 49 വയറുകള്‍ ഏഴ് സ്‌ട്രോണ്ടുകളിലായി കൂട്ടിച്ചേര്‍ത്തതായി എസ്‌ഐടി റിപ്പോര്‍ട്ട് പറയുന്നു.
’49 വയറുകളില്‍ (ആ കേബിളിന്റെ) 22 എണ്ണം തുരുമ്പെടുത്തതായി നിരീക്ഷിച്ചു, ഇത് സംഭവത്തിന് മുമ്പ് ആ വയറുകള്‍ പൊട്ടിയിരിക്കാമെന്ന് സൂചിപ്പിക്കുന്നു. ബാക്കിയുള്ള 27 കമ്പികള്‍ അടുത്തിടെ പൊട്ടിയതായി എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. നവീകരണ പ്രവര്‍ത്തനത്തിനിടെ, ”പഴയ സസ്‌പെന്‍ഡറുകള്‍ (പ്ലാറ്റ്‌ഫോം ഡെക്കുമായി കേബിളിനെ ബന്ധിപ്പിക്കുന്ന സ്റ്റീല്‍ കമ്പികള്‍) പുതിയ സസ്‌പെന്‍ഡറുകള്‍ ഉപയോഗിച്ച് വെള്‍ഡ് ചെയ്തതായും എസ്‌ഐടി കണ്ടെത്തി. ഇതോടെ സസ്‌പെന്‍ഡര്‍മാരുടെ സ്വഭാവം മാറി. ഇത്തരത്തിലുള്ള പാലങ്ങളില്‍, ഭാരം വഹിക്കാന്‍ സിംഗിള്‍ സ്റ്റിക്ക് സസ്‌പെന്‍ഡറുകള്‍ ഉപയോഗിക്കണം.
മോര്‍ബി മുനിസിപ്പാലിറ്റി, ജനറല്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെയാണ് പാലത്തിന്റെ പരിപാലന ചുമതല കരാര്‍ ഒറെവ ഗ്രൂപ്പിന് (അജന്ത മാനുഫാക്ചറിംഗ് ലിമിറ്റഡ്) നല്‍കിയിത്. നവീകരണത്തിനായി 2022 മാര്‍ച്ചില്‍ പാലം അടച്ച് ഒക്ടോബര്‍ 26 ന് തുറക്കുകയായിരന്നു. എന്നാല്‍ മുന്‍കൂര്‍ അനുമതിയോ അല്ലെങ്കില്‍ പരിശോധനയോ ഇല്ലാതെയാണ പാലം വീണ്ടും തുറന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എസ്ഐടിയുടെ കണക്കനുസരിച്ച്, അപകട സമയത്ത് പാലത്തില്‍ ഏകദേശം 300 പേര്‍ ഉണ്ടായിരുന്നു, ഇത് പാലത്തിന്റെ ഭാരം താങ്ങാനുള്ള ശേഷിയേക്കാള്‍ വളരെ കൂടുതലാണ്. എന്നിരുന്നാലും, ലബോറട്ടറി റിപ്പോര്‍ട്ടുകള്‍ വഴി പാലത്തിന്റെ യഥാര്‍ത്ഥ ശേഷി സ്ഥിരീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.