അഹമ്മദാബാദ്: 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം മോര്‍ബി മുന്‍സിപ്പാലിറ്റിയിലേക്ക്. തൂക്കുപാലത്തിന്റെ ചീഫ് ഓഫിസര്‍ (സിഒ) സന്ദീപ്സിന്‍ഹ് സാലയെ പൊലീസ് ചോദ്യം ചെയ്തതിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിയിലും നവീകരണത്തിലും ഒറെവ ഗ്രൂപ്പിന്റെ സ്വകാര്യ കരാറുകാർ പാലത്തിന്റെ “ഘടനാപരമായ സ്ഥിരതയെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തൽ” നടത്തിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ മോർബിയുടെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എ സാലയാണ് സിഒ സാലയെ വിളിപ്പിച്ചത്. സിഒയെ നാല് മണിക്കൂർ ചോദ്യം ചെയ്യുകയും പാലത്തിന്റെ കരാറുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പാലം പുനഃസ്ഥാപിക്കുന്നതിനായി ഒറെവ കരാറിലായ പ്രകാശ്ഭായ് ലാൽജിഭായ് പാർമർ (63), ദേവാങ്ഭായ് പ്രകാശ്ഭായ് പർമർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ദേവ് പ്രകാശ് ഫാബ്രിക്കേഷൻ ലിമിറ്റഡ് എന്ന കമ്പനി ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.
കഴിഞ്ഞ മാർച്ചിൽ ഒറേവ ഗ്രൂപ്പിന്റെ ഭാഗമായ അജന്ത മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡുമായി മോർബി മുനിസിപ്പാലിറ്റി 15 വർഷത്തെ കരാർ ഒപ്പിട്ടതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പാലം ഏഴ് മാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.
ഒറേവ മാനേജർമാരായ ദീപക് നവിന്ദ്ചന്ദ്ര പരേഖ് (44), ദിനേശ് മഹാസുഖ്റായ് ദവെ (41), പ്രകാശ്ഭായ് ലാൽജിഭായ് പാർമർ, ദേവാങ്ഭായ് പ്രകാശ്ഭായ് പർമർ എന്നിവരും നവംബർ അഞ്ച് വരെ പോലീസ് കസ്റ്റഡിയിലാണ്.
ഐപിസിയുടെ മറ്റ് വകുപ്പുകൾ കൂടാതെ, സെക്യൂരിറ്റി ഗാർഡുകളും ടിക്കറ്റിങ് ക്ലാർക്കുമാരും ഉൾപ്പെടെ ഒമ്പത് പേരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്.