ന്യൂഡല്‍ഹി: ഗുജറാത്ത് മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ച സംഭവത്തിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഒരേവ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജയ്സുഖ് പട്ടേല്‍ കോടതിയില്‍ കീഴടങ്ങി.
ജനുവരി 27-ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ജയ്സുഖ് പട്ടേലിനെ പ്രതി ചേർത്തിരിക്കുന്നത്.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജയ്സുഖ് പട്ടേല്‍ കീഴടങ്ങിയത്.
തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല അജന്ത മാനുഫാക്ചറിങ് ലിമിറ്റഡിനായിരുന്നു (ഒരേവ ഗ്രൂപ്പ്). അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ജനങ്ങള്‍ക്കായി പാലം തുറന്ന് കൊടുത്തതിന് പിന്നാലെയാണ് ഒക്ടോബര്‍ 30-ന് അപകടം സംഭവിച്ചത്.
“ജയ്സുഖ് പട്ടേൽ, അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) എം ജെ ഖാന്റെ കോടതിക്ക് മുമ്പാകെ കീഴടങ്ങി,” കേസിൽ ഇരകൾക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകൻ ദിലീപ് അഗെചനിയ പറഞ്ഞു.
സിജെഎം കോടതിയിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എസ് സാല സമർപ്പിച്ച 1,200 പേജുകളുള്ള കുറ്റപത്രത്തിൽ ജയ്സുഖ് പത്താം പ്രതിയാണ്.