scorecardresearch
Latest News

മോര്‍ബി ദുരന്തം: പാലത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കരാര്‍ കമ്പനിക്ക്; കയ്യൊഴിഞ്ഞ് മുനിസിപ്പാലിറ്റി

ഈ വർഷം മാർച്ച് ഏഴിന് പുതിയ കരാർ ഒപ്പിട്ട ശേഷം ഒറെവ പാലത്തിന്റെ നവീകരണം ഏറ്റെടുത്തിരിക്കുകയായിരുന്നു. അതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല

മോര്‍ബി ദുരന്തം: പാലത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കരാര്‍ കമ്പനിക്ക്; കയ്യൊഴിഞ്ഞ് മുനിസിപ്പാലിറ്റി

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 134 പേര്‍ മരിച്ച സംഭവത്തില്‍ മോര്‍ബി മുന്‍സിപ്പാലിറ്റിയും ഒറേവ ഗ്രൂപ്പും ഒപ്പിട്ട കരാര്‍ സൂക്ഷ്മപരിശോധനയില്‍. 2008 മുതല്‍ പാലത്തിന്റെ ചുമതല ഒറേവയ്ക്കാണ്. ഇന്നലെ കമ്പനിയുടെ രണ്ട് മാനേജര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒറെവ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അജന്ത മാനുഫാക്‌ചറിങ് പ്രൈവറ്റ് ലിമിറ്റഡ് ഒപ്പുവെച്ച ഏറ്റവും പുതിയ കരാർ പ്രകാരം, 15 വർഷത്തേക്ക് പാലത്തിന്റെ പ്രവർത്തനങ്ങള്‍, അറ്റകുറ്റപ്പണികള്‍, സുരക്ഷാ ചുമതല, ടിക്കറ്റിങ്, ക്ലീനിങ്, ജീവനക്കാരുടെ നിയമനം എന്നിവയുടെ ഉത്തരവാദിത്തം കമ്പനിക്കായിരുന്നു.

2027-28 – ന് ശേഷം മാത്രമേ ടിക്കറ്റ് നിരക്ക് പ്രതിവർഷം 2 രൂപ വർധിപ്പിക്കാൻ കമ്പനിയെ അനുവദിക്കൂ എന്നാണ് കരാറില്‍ പറയുന്നത്. (നിലവിൽ മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് 15 രൂപയാണ്).

765 അടി നീളമുള്ള പാലത്തിന് ആറടി ചങ്ങലയില്‍ സുരക്ഷാ വേലിയുമുണ്ട്. ഈ വർഷം മാർച്ച് ഏഴിന് കരാർ ഒപ്പിട്ട ശേഷം ഒറെവ പാലത്തിന്റെ നവീകരണം ഏറ്റെടുത്തിരിക്കുകയായിരുന്നു. അതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

പാലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ടിക്കറ്റിന്റെ നിരക്ക് സംബന്ധിച്ച് മാത്രമാണ് മോര്‍ബി ജില്ലാ കലക്ടറുമായും മുന്‍സിപ്പാലിറ്റിയുമായും കമ്പനി കൂടിയാലോചിച്ചിട്ടുള്ളത്. ഒരു സമയം എത്ര സന്ദര്‍ശകരെ വരെ അനുവദിക്കാം എന്നത് സംബന്ധിച്ച് കരാറില്‍ പറയുന്നില്ല.

സുരക്ഷാ ഓഡിറ്റ് നടത്താൻ കഴിയാത്തതിനാൽ പാലത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് മോർബി മുനിസിപ്പാലിറ്റി ചീഫ് ഓഫീസർ സന്ദീപ് സിങ് സാല ഞായറാഴ്ച ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. ഒക്ടോബർ 26-ന് പാലം വീണ്ടും തുറക്കുമെന്ന് ഒറേവ ഗ്രൂപ്പ് മുനിസിപ്പാലിറ്റിയെ അറിയിക്കാത്തതാണ് കാരണം.

ഫിറ്റ്നസ് ക്ലിയറൻസ് ഇല്ലാത്തതിനാൽ മുനിസിപ്പാലിറ്റി എന്തെങ്കിലും കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടോ അല്ലെങ്കിൽ ടൂറിസ്റ്റ് പ്രവേശനം നിരോധിക്കാൻ ഉത്തരവിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് നടപടിയെടുക്കാനുള്ള സമയം ഉണ്ടായിരുന്നില്ലെന്നായിരുന്നു സാലയുടെ മറുപടി.

“ഞങ്ങൾ പാലം പൂർണ്ണമായും ഒറെവയ്ക്ക് കൈമാറി, അതിനാൽ, സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. പാലം പരിപാലിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കരാറിനായി അവർ ഞങ്ങളെ സമീപിച്ചിരുന്നു,” ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റ് കുസും പർമർ പറഞ്ഞു.

ഗുജറാത്ത് ടൂറിസം വെബ്‌സൈറ്റിലെ പ്രധാന ആകര്‍ഷണമാണു മോര്‍ബി തൂക്കുപാലം. ‘എന്‍ജിനീയറിങ് വിസ്മയം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാലം യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ടതാണ്. 1879ലായിരുന്നു ഉദ്ഘാടനം. 233 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വീതിയുമുണ്ടായിരുന്ന പാലം ദര്‍ബര്‍ഗഡ് കൊട്ടാരത്തെയും ലഖ്ദിര്‍ജി എന്‍ജിനീയറിങ് കോളജിനെയും ബന്ധിപ്പിക്കുന്നതായിരുന്നു.

ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി 14ന് പരിഗണിക്കും

മോര്‍ബി പാലം തകര്‍ച്ച സംബന്ധച്ച റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നവംബര്‍ 14നു വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്ത് സുപ്രീം കോടതി. വിഷയം ഇന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് മുമ്പാകെ പരാമര്‍ശിച്ചിരുന്നു.

സര്‍ക്കാര്‍ അധികൃതരുടെ അശ്രദ്ധയും തികഞ്ഞ പരാജയവുമാണ് അപകടം വ്യക്തമാക്കുന്നതെന്ന് അഭിഭാഷകനായ വിശാല്‍ തിവാരി, പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

”കെടുകാര്യസ്ഥത, ഉത്തരവാദിത്തത്തിലെ വീഴ്ച, അറ്റകുറ്റപ്പണി പ്രവൃത്തികളിലെ അലംഭാവം എന്നിവ കാരണം കഴിഞ്ഞ ദശകത്തില്‍, നമ്മുടെ രാജ്യത്തു വിവിധ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഒഴിവാക്കാമായിരുന്ന വലിയ ദുരന്തങ്ങളുണ്ടായിട്ടുണ്ട്,”ഹര്‍ജിയില്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Morbi bridge collapse company under scanner involved since 2008