അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിന്റെ കാരണം കേബിളുകൾ തുരുമ്പെടുത്തതാണെന്ന് പൊലീസ്. കേബിളുകൾ നന്നാക്കിയിരുന്നെങ്കിൽ ഈ അപകടം സംഭവിക്കില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മോർബിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പി.എ.സാല കോടതിയെ അറിയിച്ചു.
അതേസമയം, ദൈവത്തിന്റെ ഇഷ്ടപ്രകാരമാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നതെന്നായിരുന്നു പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഒറേവ കമ്പനിയുടെ മാനേജർമാരിൽ ഒരാളായ ദീപക് പരേഖ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആൻഡ് അഡീഷണൽ സീനിയർ സിവിൽ ജഡ്ജി എം.ജെ. ഖാനോട് പറഞ്ഞത്. സംഭവത്തിനുപിന്നാലെ ദീപക് പരേഖ് ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
”അറ്റകുറ്റപ്പണികൾക്കുശേഷം സർക്കാർ അനുമതി ഇല്ലാതെ ഒക്ടോബർ 26 ന് പാലം തുറന്നു. ജീവൻ രക്ഷാ ഉപകരണങ്ങളോ ലൈഫ് ഗാർഡുകളോ വിന്യസിച്ചിരുന്നില്ല. അറ്റകുറ്റപ്പണികളുടെ ഭാഗമായി, പ്ലാറ്റ്ഫോം (ഡെക്ക്) മാത്രമാണ് മാറ്റിയത്. ഗാന്ധിനഗറിൽ നിന്ന് വന്ന ഒരു സംഘത്തിന്റെ FSL (ഫോറൻസിക് സയൻസ് ലബോറട്ടറി) റിപ്പോർട്ട് പ്രകാരം മറ്റ് ജോലികളൊന്നും നടത്തിയിട്ടില്ല,” ഡിഎസ്പി സാല കോടതിയോട് പറഞ്ഞു. അറസ്റ്റിലായ ഒമ്പത് പേരിൽ നാലുപേരെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്യണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
”പാലത്തിൽ കേബിളുകളുണ്ടായിരുന്നു, കേബിളിൽ എണ്ണ തേയ്ക്കുകയോ ഗ്രീസ് ചെയ്യുകയോ ചെയ്തിട്ടില്ല. പൊട്ടിയ കേബിളുകൾ തുരുമ്പെടുത്തതായിരുന്നു. കേബിളുകൾ നന്നാക്കിയിരുന്നുവെങ്കിൽ ഈ അപകടം സംഭവിക്കില്ലായിരുന്നു. എന്തൊക്കെ ജോലികളാണ് ചെയ്തത്, എങ്ങനെ ചെയ്തു എന്നതിന്റെ ഒരു രേഖകളും സൂക്ഷിച്ചിട്ടില്ല. ഉപയോഗിച്ച മെറ്റീരിയലിന്റെ ഗുണനിലവാരം പരിശോധിക്കണം, അതും അന്വേഷിക്കേണ്ടതുണ്ട്,” സാല പറഞ്ഞു.
കരാറുകാർ യോഗ്യതയുള്ള എൻജിനീയർമാരല്ലെന്നും ഫാബ്രിക്കേഷൻ ജോലികൾ ചെയ്തത് അവരാണെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതായി പബ്ലിക് പ്രോസിക്യൂട്ടർ എച്ച്.എസ്.പഞ്ചൽ പിന്നീട് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പാലത്തിലെ അലുമിനിയം പലകകൾ കാരണം പാലം തകർന്നതാകാമെന്നാണ് അന്വേഷണത്തിൽനിന്നുള്ള സൂചനയെന്ന് അദ്ദേഹം പറഞ്ഞു.
പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരേഖിന് ഒരു പങ്കുമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജി.കെ.റാവൽ കോടതിയെ അറിയിച്ചത്. കമ്പനിയുടെ മാനേജിങ് ഡയറക്ടർ മുതൽ താഴെത്തട്ടിലുള്ള ജീവനക്കാർ വരെ എല്ലാവരും കഠിനാധ്വാനം ചെയ്തു, പക്ഷേ ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത് ദൈവത്തിന്റെ ഇഷ്ടപ്രകാരമാണെന്നാണ് പരേഖ് കോടതിയോട് പറഞ്ഞത്.
ഗുജറാത്തിലെ മോർബിയിലെ തൂക്കുപാലം തകർന്ന് നൂറിലധികം പേർ മരിച്ചിരുന്നു. ഗുജറാത്ത് ടൂറിസം വെബ്‌സൈറ്റിലെ പ്രധാന ആകര്‍ഷണമാണു മോര്‍ബി തൂക്കുപാലം. ‘എന്‍ജിനീയറിങ് വിസ്മയം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാലം യൂറോപ്യന്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ടതാണ്. 1879ലായിരുന്നു ഉദ്ഘാടനം. 233 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വീതിയുമുണ്ടായിരുന്ന പാലം ദര്‍ബര്‍ഗഡ് കൊട്ടാരത്തെയും ലഖ്ദിര്‍ജി എന്‍ജിനീയറിങ് കോളജിനെയും ബന്ധിപ്പിക്കുന്നതായിരുന്നു.