/indian-express-malayalam/media/media_files/uploads/2019/03/Supreme-Court-of-India.jpg)
ന്യൂഡൽഹി: മൊറട്ടോറിയം കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സതൃവാങ്മൂലം പൂര്‍ണ്ണമല്ലെന്ന് സുപ്രീംകോടതി. എല്ലാ ചോദ്യങ്ങൾക്കും സമഗ്രമായ മറുപടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം ഒരാഴ്ചയ്ക്കകം നൽകണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. കേന്ദ്രത്തിന്‍റെ മറുപടി പഠിച്ച് മറുപടി നൽകാൻ ഹർജിക്കാർക്കും കോടതി ഒരാഴ്ച സമയം അനുവദിച്ചു. കേസ് ഇനി ഒക്ടോബർ 13-ന് പരിഗണിക്കും.
ബാങ്ക്‌വായ്പ തിരിച്ചടവുകള്‍ക്കുള്ള മൊറട്ടോറിയത്തിന്‍റെ പലിശ ഒഴിവാക്കുന്നതില്‍ കോടതി ഇതിനോടകം ചോദിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉത്തരമില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണമെന്നാണ് കോടതി പ്രധാനമായും വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Read More: ഒരു ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവും? ലൈഫ്മിഷനില്‍ ഹൈക്കോടതി
മൊറട്ടോറിയം കാലയളവില്‍ രണ്ട് കോടി രൂപവരേയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്നായിരുന്നു സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, പേഴ്സണല്‍ വായ്പ, ഗൃഹോപകരണങ്ങള്‍ വാങ്ങാനെടുത്ത വായ്പ എന്നിവയ്ക്കാണ് ഇളവുകള്‍ ലഭിക്കുക. അതേസമയം, രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായപകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശയാണ് ഒഴിവാക്കുക. എന്നാൽ റിയൽ എസ്റ്റേറ്റ് ബിൽഡർമാർ അടക്കമുള്ളവരുടെ പിഴപ്പലിശ ഇതിൽ നിന്ന് ഒഴിവാകില്ലെന്ന് വ്യക്തമായതോടെ നിർമാണമേഖലയിലെ പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇനി കേസ് പരിഗണിക്കുമ്പോൾ, അവരുടെ മറുപടി കൂടി കോടതിയുടെ പരിഗണനയ്ക്ക് വരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.