“ഏതെങ്കിലും സർക്കാർ വകുപ്പിന്റെ വികസന പ്രവർത്തന”മോ”ആശുപത്രിയുടെയോ സ്കൂളിന്റെയോ ഉദ്ഘാടന” മോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസ്താവനയോ റിപ്പോർട്ട് ചെയ്യാത്തവർ “യഥാർത്ഥ മാധ്യമ പ്രവർത്തകരല്ലെന്ന്” ദേശീയ അന്വേഷണ ഏജൻസി ( എൻ ഐ എ) പറയുന്നു.
കമ്രാൻ യൂസഫ് ഒരു “യഥാർത്ഥ മാധ്യമപ്രവർത്തകനല്ല” എന്ന വാദംസാധൂകരിക്കുന്നതിനാണ് എൻ ഐ എ  മാധ്യമപ്രവർത്തനത്തിന് പുതിയ പാഠങ്ങളെഴുതുന്നത്.

ഫൊട്ടോ ജേണലിസ്റ്റായ കമ്രാനെതിരെയാണ് എൻ ഐ എയുടെ ഈ​ പരാമർശം. കമ്രാൻ യൂസഫ് ഉൾപ്പടെ 12 പേർക്കെതിരായാണ് ഈ​ ജനുവരി 18 ന് കശ്മീരിലെ കല്ലെറിയലും തീവ്രവാദ ഫണ്ടിങും സംബന്ധിച്ച് കുറ്റപത്രം നൽകിയത്. സൈന്യത്തിനെതിരെ കല്ലേറ് നടത്തിയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് സെപ്തംബ അഞ്ചിന് കമ്രാൻ യൂസഫിനെ അറസ്റ്റ് ചെയ്തിരുന്നു.

കമ്രാന്റെ ജാമ്യാപേക്ഷയ്ക്കിടെയാണ് വ്യാഴാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജിന് മുമ്പാകെ ഈ രേഖകൾ വീണ്ടും നൽകിയത്. അടുത്ത വാദം ഫെബ്രുവരി 19 ന് നടക്കും.

“ഒരു മാധ്യമ പ്രവർത്തകന്റെ ധാർമ്മിക ഉത്തരവാദിത്വം” എന്നതിനെ എൻ ഐ എ കുറ്റപത്രത്തിൽ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ഒരു യഥാർത്ഥ ജേണലിസ്റ്റോ പ്രാദേശിക ലേഖകനോ ആകട്ടെ ആ​ പ്രൊഫഷണിലിന്റെ തൊഴിൽ പരിധിയിലുളള സ്ഥലത്തെ സംഭവവികാസങ്ങളാണ് (നല്ലതോ ചീത്തയോ) റിപ്പോർട്ട് ചെയ്യേണ്ടത്. അയാൾ (​കമ്രാൻ യൂസഫ്) ഒരിക്കലും സർക്കാർ വകുപ്പുകളുടെയോ ഏജൻസികളുടെയോ ഏതെങ്കിലും വികനസ പ്രവർത്തനങ്ങളോ, ആശുുപത്രി, സ്കൂൾ കെട്ടിടങ്ങളുടെയോ റോഡ്, പാലം എന്നിവയുടെ ഉദ്ഘാടനമോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസ്താവനകളോ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറ്റേതെങ്കിലും സാമൂഹിക/ വികസന പ്രവർത്തനങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കശ്മീർ താഴ്‌വരിലയിലെ സൈന്യത്തിന്റെയോ അർധ സൈനിക വിഭാഗത്തിന്റെയോ സാമൂഹിക പ്രവർത്തനങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. സൈന്യവും അർധസൈനിക വിഭാഗവും നടത്തുന്ന “രക്തദാന ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, നൈപുണ്യവികസന പദ്ധതികൾ, ഇഫ്‌താർ പാർട്ടി” എന്നിവയും റിപ്പോർട്ട് ചെയ്യാത്ത കുറ്റത്തിന്റെ പട്ടികയിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചുളള ഫൊട്ടോകളോ വിഡിയോകളോ കമ്രാന്റെ ലാപ് ടോപ്പിലോ മൊബൈലിലോ ഇല്ല. അത് വ്യക്തമാക്കന്നത് രാജ്യവിരുദ്ധ പ്രവർതത്തനങ്ങൾ മാത്രമാണ് കമ്രാൻ റിപ്പോർട്ട് ചെയ്യുന്നതെന്നും അത്തരം ഫുട്ടേജസിലൂടെ പണം നേടുകയാണ് ലക്ഷ്യമെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു.

കമ്രാൻ യൂസഫ് ഒരു “പ്രൊഫഷണൽ” അല്ല എന്നും എൻ ഐ എ അവകാശപ്പെടുന്നു. അതിന് കാരണമായി എൻ ഐ​എ​പറയുന്നത്. കമ്രാന് ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശീലനം ലഭിച്ചിട്ടില്ല എന്ന കാരണമാണ്. രാജ്യദ്രോഹ പ്രവർത്തനങ്ങൾ കവർ ചെയ്ത് പ്രാദേശിക മാധ്യമങ്ങൾക്ക് നൽകുന്നതിന് പിന്നിൽ പ്രത്യേക താൽപര്യം ഉണ്ടെന്ന് കാമറയിലെ വിഡിയോ പരിശോധിച്ചശേഷം എൻ ഐ​ എ ആരോപിക്കുന്നു.

“യഥാർത്ഥ മാധ്യമ പ്രവർത്തകൻ” എന്ന എൻ ഐ എയുടെ നിർവചനത്തിന് അനുസൃതമായ മാനദണ്ഡങ്ങൾ കമ്രാനുണ്ട്.നിരവധി ചിത്രങ്ങൾ കൈവശമുണ്ട് എൻ ഐ എയുടെ നിർവചനത്തിനുളളിൽ വരാൻ തക്കവണ്ണമുളളതെന്ന് ജാമ്യാപേക്ഷയുടെ വാദത്തിനിടയിൽ കമ്രാൻ യൂസഫിന്റെ അഭിഭാഷകയായ വരിഷ ഫർസാത് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook