തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (സൗത്ത് വെസ്റ്റ് മണ്‍സൂണ്‍) കേരള തീരത്തേക്ക് പതിവിലും നേരത്തേ എത്തിയതായി സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്കൈമെറ്റ് വെതര്‍. ഇന്ന് വൈകിട്ടോടെയാണ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കാലവര്‍ഷം എത്തിയ വിവരം അറിയിച്ചത്.

എന്നാല്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഐഎംഡി ഇന്നത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നത് അടുത്ത 24 മണിക്കൂറുകള്‍ക്കുള്ളില്‍ കാലവര്‍ഷം എത്തും എന്നാണ്. മെയ്‌ 29ന് എത്തും എന്ന് പ്രവചിച്ചിരുന്ന മണ്‍സൂണിന്‍റെ നേരത്തെയുള്ള വരവിനെക്കുറിച്ചുള്ള അറിയിപ്പ് ഉടന്‍ നടത്താന്‍ സാധിക്കും എന്നും ഐഎംഡിയുടെ ഹെഡ് ഓഫ് പ്രെഡിക്ഷന്‍ ഡോ.ഡിഎസ്‌പൈ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കാലവര്‍ഷത്തിന്‍റെ വരവ് നിർണയിക്കുക.

  • കേരളത്തിലും കര്‍ണാടകത്തിലുമുള്ള പതിനാല് സ്റ്റേഷനുകളില്‍ അറുപത് ശതമാനമുള്ളവയിലെങ്കിലും രണ്ടു ദിവസം തുടര്‍ച്ചയായി 2.5 മില്ലിമീറ്റര്‍ മഴയുണ്ടാകണം.
  • ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷന്‍
  • പടിഞ്ഞാറന്‍ കാറ്റിന്‍റെ വേഗത

ഇവയെല്ലാം തന്നെ കാലവര്‍ഷത്തിന്‍റെ വരവിനെ സൂചിപ്പിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കണ്ടു വരുന്നത് എന്ന് സ്കൈമെറ്റ് വെതര്‍ വൈസ് പ്രസിഡന്റ്‌, മീറ്റീറാലജി, മഹേഷ്‌ പലവത് പറയുന്നു.

കേരളം, ലക്ഷദ്വീപ്, കര്‍ണാടകയുടെ തീരപ്രദേശങ്ങള്‍, തെക്കന്‍ കര്‍ണാടകം, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങില്‍ 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ നീണ്ടു നില്‍ക്കുന്ന കനത്ത മഴയുണ്ടാകും എന്നാണ് സൂചന.

കഴിഞ്ഞ കാലവര്‍ഷത്തിൽ പ്രതീക്ഷിച്ചതിനേക്കാള്‍ ഒമ്പത് ശതമാനം കുറവ് മഴയാണ് ലഭിച്ചത്. വയനാട്‌ ജില്ലയിലായിരുന്നു ഏറ്റവും കുറവ് മഴ കിട്ടിയ പ്രദേശം. പ്രതീക്ഷിച്ചതിനേക്കാള്‍ 37 ശതമാനം കുറവ് മഴയാണ് കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ ലഭിച്ചത്. കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ കുറച്ചെങ്കിലും കൂടുതല്‍ മഴ ലഭിച്ചത്.

അതേസമയം ഇത്തവണ കരുതിയതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ കേരളത്തിന്‌ ലഭിച്ചു. 35 ശതമാനം അധികം വേനല്‍ മഴയാണ് ഇത്തവണ കേരളത്തിന്‌ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ അത് 7 ശതമാനം കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം കുറവ് വേനല്‍ മഴ ലഭിച്ച കാസര്‍ഗോഡ്‌ ജില്ലയില്‍ ഇത്തവണ പ്രതീക്ഷിച്ചതിനേക്കാള്‍ 88 ശതമാനം കൂടുതല്‍ ലഭ്യമായി. വയനാട്ടില്‍ 70 ശതമാനമാനം അധികമായിരുന്നു വേനല്‍ മഴ.

കഴിഞ്ഞ വര്‍ഷം തുലാമഴയും കേരളത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ് ലഭിച്ചത്. കിട്ടുമെന്ന് കരുതിയതിനേക്കാള്‍ 8 ശതമാനം കുറവ് മഴയാണ് ഈ തുലാവര്‍ഷം ലഭിച്ചത്. വയനാട് ജില്ലയിലായിരുന്നു ഏറ്റവും കുറവ്. പ്രതീക്ഷിച്ചതിനേക്കാള്‍ 50 ശതമാനത്തോളം കുറവ് തുലാമഴയാണ് വയനാടിനു ലഭിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ