ന്യൂഡൽഹി: മങ്കിപോക്സ് ബാധിച്ച് കേരളത്തിൽ യുവാവ് മരിച്ച് രണ്ടു ദിവസങ്ങൾ പിന്നിടുമ്പോൾ, രോഗി വിമാനത്തിൽ എത്തിയത് എങ്ങനെയെന്ന് അറിയാൻ യുഎഇയുമായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ടു. യുഎഇയിൽവച്ചു തന്നെ യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടും വിമാനത്തിൽ കയറാൻ അനുവദിച്ചത് എങ്ങനെയെന്നതിന്റെ വിശദീകരണമാണ് യുഎഇ അധികൃതരോട് സർക്കാർ ആരാഞ്ഞത്. യുഎഇയിൽ വച്ചു തന്നെ പോസിറ്റീവ് ആയതിന് ശേഷം ജൂലൈ 22 നാണ് ഇയാൾ കേരളത്തിലേക്ക് വിമാനം കയറിയതെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
”മങ്കിപോക്സ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടും യുവാവിനെ വിമാനത്തിൽ കയറാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് അറിയാൻ ഞങ്ങൾ ആ രാജ്യത്തെ (യുഎഇ) ഉദ്യോഗസ്ഥരെ സമീപിച്ചു. വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാവരേയും കർശനമായി പരിശോധിക്കുന്നു, മറ്റ് രാജ്യങ്ങളിൽ നിന്നും ഞങ്ങൾ ഇത് പ്രതീക്ഷിക്കുന്നു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
”അണുബാധയെക്കുറിച്ച് ഞങ്ങൾ ആളുകളെ ബോധവത്കരിക്കുന്നുണ്ട്, എന്നിട്ടും രോഗി കേരളത്തിലെത്തിയിട്ടും ഒരു ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തില്ല. രോഗലക്ഷണങ്ങൾ കൂടുതലായപ്പോഴാണ് ആശുപത്രിയിൽ പോയത്. അതിനു മുൻപ് അഞ്ചു ദിവസത്തോളം അയാൾ പുറത്ത് ചെലവഴിച്ചു,” ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച ഇരുപത്തി രണ്ടുകാരനെ പ്രവേശിപ്പിച്ച ആശുപത്രി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് സാമ്പിൾ അയച്ചിരുന്നു. പരിശോധനയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു.
മങ്കിപോക്സ് ബാധിച്ച് രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആദ്യ മരണമാണിത്. യുവാവിന് മങ്കിപോക്സിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മങ്കിപോക്സ് മരണനിരക്ക് വളരെ കുറവായതിനാൽ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കേരള ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിട്ടുണ്ട്.
ഡൽഹിയിൽ താമസിക്കുന്ന ഒരു നൈജീരിയൻ പൗരൻ ഉൾപ്പെടെ രാജ്യത്തുടനീളം ഇതുവരെ ആറ് മങ്കിപോക്സ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച ഡൽഹിയിലെ നോഡൽ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നൈജീരിയക്കാരന് കഴിഞ്ഞ 21 ദിവസമായി രാജ്യാന്തര യാത്ര നടത്തിയ ചരിത്രമില്ല.
രാജ്യത്തെ മങ്കിപോക്സ് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ.വി.കെ.പോളിന്റെ നേതൃത്വത്തിൽ കേന്ദ്രം ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനൊപ്പം അണുബാധയ്ക്കുള്ള തദ്ദേശീയ ഡയഗ്നോസ്റ്റിക് കിറ്റുകൾ വികസിപ്പിക്കാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കമ്മിറ്റി വാക്സിൻ വികസനം നോക്കുന്നുണ്ടെന്നും ചില വിവരമുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അടുത്തിടെ മങ്കിപോക്സ് വാക്സിൻ വികസനത്തിന് സഹകരിക്കാമെന്ന് അറിയിച്ചിരുന്നു. 40 വർഷങ്ങൾക്കു മുൻപ് നൽകിയ വസൂരി വാക്സിൻ മങ്കിപോക്സിന് നൽകാമോ എന്നതുപോലുള്ള വിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണത്തെയും സർക്കാർ പ്രോത്സാഹിപ്പിക്കും.