കട്ടക്ക്: 16 മാസം പ്രായമുളള നവജാത ശിശുവിനെ കുരങ്ങന്‍ തട്ടിയെടുത്ത് കാട്ടിലേക്ക് ഓടി. ഒഡിഷയിലെ കട്ടക്ക് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലബസ്ത ജില്ലയില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ആണ് കുരങ്ങന്‍ തട്ടിക്കൊണ്ടുപോയത്.

സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപകമായ രീതിയില്‍ തിരച്ചില്‍ നടത്തി വരികയാണ്. കുട്ടിയെ കുരങ്ങന്‍ എടുത്ത് ഓടുന്നത് കണ്ട മാതാവ് നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. ഉടന്‍ തന്നെ ഗ്രാമവാസികള്‍ പൊലീസിനേയും വനംവകുപ്പിനേയും സംഭവം അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പും അഗ്നിശമനാ സേനയും നാട്ടുകാരും ചേര്‍ന്ന് സമീപപ്രദേശങ്ങളിലും കാട്ടിലും തിരച്ചില്‍ നടത്തി വരികയാണ്. കുഞ്ഞിന് കരയാനുളള ബുദ്ധിമുട്ട് നേരത്തേ ഉണ്ടായിരുന്നതായാണ് വിവരം.

അതുകൊണ്ട് തന്നെ കാട്ടില്‍ എവിടെയാണ് കുട്ടി ഉളളതെന്ന് തിരിച്ചറിയാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുകയാണ്. ദമപത ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സഗ്രാം കേസരി മൊഹന്തിയുടെ നേതൃത്വത്തില്‍ 30 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയിട്ടുളളത്. ഇവര്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. കുരങ്ങന്മാര്‍ ഏറെയുളള മരങ്ങളും മരപ്പൊത്തുകളും രക്ഷാപ്രവര്‍ത്തന സംഘം തിരച്ചില്‍ നടത്തുന്നുണ്ട്.

ഗ്രാമവാസികളും തിരച്ചിലില്‍ സജീവമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുരങ്ങന്മാരുടെ ആക്രമണം നടന്ന പ്രദേശത്ത് വനംവകുപ്പ് യാതൊരു വിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും എടുത്തിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook