മീററ്റ്: കോവിഡ് പരിശോധനയുടെ ഭാഗമായി ശേഖരിച്ച രക്തസാംപിൾ കുരങ്ങ് തട്ടിയെടുത്തത് വലിയ ആശങ്കയ്‌ക്ക് കാരണമാകുന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലാബ് ടെക്‌നീഷ്യനെ ആക്രമിച്ചാണ് കുരങ്ങൻ കോവിഡ് രക്തസാംപിളുമായി കടന്നുകളഞ്ഞത്.

മീററ്റ് മെഡിക്കൽ കോളേജിലെ ലാബിൽ നിന്നാണ് രക്തസാംപിളുമായി കുരങ്ങൻ കടന്നുകളഞ്ഞത്. ഒരു മരത്തിന്റെ മുകളിൽ ഇരുന്ന് കുരങ്ങൻ ആ രക്തസാംപിളിന്റെ കിറ്റ് ചവയ്‌ക്കുന്നത് കാണാം. കോവിഡ് രോഗികളിൽ നിന്ന് സാധാരണ രീതിയിലുള്ള പരിശോധനയുടെ ഭാഗമായി രക്തസാംപിൾ ശേഖരിക്കാറുണ്ട്. അങ്ങനെ ശേഖരിച്ച രക്തസാംപിളുകളുടെ കിറ്റാണ് കുരങ്ങൻ തട്ടിയെടുത്തത്. ഇതുവഴി കോവിഡ് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ.

Read Also: ലോകരാജ്യങ്ങൾ ശ്രമിക്കുന്നത് കേരളം നേടി; രോഗനിയന്ത്രണത്തിന്റെ കണക്കുകൾ വിശദീകരിച്ച് മുഖ്യമന്ത്രി

ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. “കുരങ്ങൻ രക്തസാംപിളുമായി കടന്നുകളഞ്ഞ കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനെ ബന്ധപ്പെട്ടു. ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച് അത് കോവിഡ് രോഗികളിൽ നിന്ന് ശേഖരിച്ച രക്തസാംപിൾ ആണ്. സാധാരണ രീതിയിൽ പരിശോധനയ്‌ക്ക് ശേഖരിക്കുന്നതാണ് ഇത്. തൊണ്ടയിൽ നിന്നോ നാവിൽ നിന്നോ ശേഖരിച്ച സ്രവസാംപിൾ അല്ല.” മീററ്റ് ലാലാ ലജ്‌പത് റായ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ എസ്.കെ.ഖാർഗ് പറഞ്ഞു.

അതേസമയം, ആശങ്കയുടെ ആവശ്യമില്ലെന്നും ആരാേഗ്യവകുപ്പ് അധികൃതർ പറയുന്നുണ്ട്. കുരങ്ങുകൾ വഴി കോവിഡ് വ്യാപനമുണ്ടാകില്ലെന്നാണ് മീററ്റിലെ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. മൃഗങ്ങളിലൂടെ കോവിഡ്-19 പകരുമെന്നതിനു യാതൊരു തെളിവും ഇതുവരെ ഇല്ലെന്നും ആശങ്ക ഒഴിവാക്കണമെന്നും എസ്.കെ.ഖാർഗ് കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook