ആഗ്ര: ഉത്തര്‍പ്രദേശില്‍ വ്യാപാരിയുടെ പണം കുരങ്ങന്‍ തട്ടിപ്പറിച്ചു രക്ഷപ്പെട്ടു. ഇയാളും മകളും ബാങ്കിലേക്ക് പോകുന്ന വഴിയാണ് 2 ലക്ഷം രൂപ കുരങ്ങന്‍ തട്ടിയെടുത്തത്. സ്ഥലത്ത് നിന്നും 60,000 രൂപ ഇയാള്‍ക്ക് തിരികെ ലഭിച്ചു. ബാക്കി രൂപയുമായാണ് കുരങ്ങന്‍ രക്ഷപ്പെട്ടത്. ആഗ്രയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് പുറത്താണ് സംഭവം നടന്നത്.

വിജയ് ബന്‍സാലും മകളും 2 ലക്ഷം രൂപ അടങ്ങിയ ബാഗുമായി ബാങ്കിലേക്ക് വന്നതായിരുന്നു. ഇതിനിടെയാണ് ഒരു സംഘം കുരങ്ങന്‍മാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ബന്‍സാലിന്റെ മകളുടെ പക്കലാണ് ബാഗുണ്ടായിരുന്നത്. ഇതിലൊരു കുരങ്ങന്‍ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. 60,000 രൂപ ലഭിച്ചെങ്കിലും ബാക്കി പണവുമായി കുരങ്ങന്‍ രക്ഷപ്പെട്ടു.

‘അവിടെ നിരവധി കുരങ്ങന്മാരുണ്ടായിരുന്നു. ബാങ്കിന്റെ പടി കയറുമ്പോഴാണ് കുരങ്ങന്‍ ബാഗ് തട്ടിപ്പറിച്ചത്. ഉടന്‍ തന്നെ കുരങ്ങന്‍ മുകളിലത്തെ നിലയിലേക്ക് ചാടിപ്പോയി’, ബന്‍സാല്‍ പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന് മുകളില്‍ നിന്നും 60,000 രൂപ കണ്ടെത്തിയത്. ബാഗ് കീറിയതിന്റെ അവശിഷ്ടവും കണ്ടെടുത്തു. ഭക്ഷണം കാണിച്ച് ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുരങ്ങൻ ഓടിപ്പോയതായി ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.

കുരങ്ങന്‍മാരുടെ ആക്രമണത്തില്‍ ബന്‍സാലിന് നിസാരമായി പരുക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ പരാതിയുമായി ബന്‍സാല്‍ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഏത് സെക്ഷന്‍ പ്രകാരം പരാതി എടുക്കണമെന്ന് അറിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് താന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബന്‍സാല്‍ പറഞ്ഞു. എന്നാല്‍ കേസ് എടുത്തിട്ടില്ലെങ്കിലും തങ്ങള്‍ തിരച്ചില്‍ നടത്തുന്നതായി പൊലീസ് പറഞ്ഞു.

ബാങ്കിന് സമീപത്തെ വനമ്പ്രദേശങ്ങളില്‍ ചിലയിടത്ത് നിലവില്‍ പരിശോധന നടത്തിയെങ്കിലും കുരങ്ങനെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മരപ്പൊത്തുകളില്‍ ചിലപ്പോള്‍ പണം സൂക്ഷിച്ചിട്ടുണ്ടാകാമെന്നും സംശയമുണ്ട്. കുരങ്ങന്മാരുടെ ശല്യം ഏറെയുളള സ്ഥലമാണ് ആഗ്ര. ഈ മാസം ആദ്യം കുരങ്ങന്മാരുടെ ആക്രമണത്തില്‍ ടൂറിസ്റ്റുകൾക്ക് പരുക്കേറ്റിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ