ന്യൂഡൽഹി: കുരങ്ങന്മാരുടെ ശല്യം മൂലം ഔദ്യോഗിക വസതിയിലെ താമസം പൊറുതിമുട്ടിയതായി രാജ്യസഭയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പരാതി. രാജ്യസഭയിൽ ശൂന്യവേളയിൽ ഇന്ത്യൻ നാഷണൽ ലോക്‌ദൾ പ്രതിനിധി രാം കുമാർ കശ്യപാണ് ഈ വിഷയം ഉന്നയിച്ചത്.
രാജ്യതലസ്ഥാനത്ത് കുരങ്ങന്മാരെ കൊണ്ട് ജീവിതം ദുസ്സഹമായെന്ന് കശ്യപ് പറഞ്ഞു. മരങ്ങളിലൂടെ വന്ന് ഉണങ്ങാനിടുന്ന വസ്ത്രങ്ങളുമായി കുരങ്ങന്മാർ ഓടിപ്പോവുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു. ഒരു പാർലമെന്റംഗം കുരങ്ങന്മാരുടെ ആക്രമണത്തിന് ഇരയായെന്നും അദ്ദേഹത്തിന് പാർലമെന്റ് യോഗത്തിൽ വരാൻ സാധിച്ചില്ലെന്നും രാം കുമാർ പറഞ്ഞു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഈ വിഷയത്തെ ഏറ്റുപിടിച്ചു. “ഔദ്യോഗിക വസതിയിൽ ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കുരങ്ങന്മാരെ കൊണ്ട് വല്ലാത്ത ശല്യമാണ്. എന്ത് ചെയ്യാനൊക്കും?” അദ്ദേഹം ചോദിച്ചു. “മനേക ഗാന്ധി ഇതൊന്നും കേൾക്കുന്നില്ലല്ലോ?” എന്നും അദ്ദേഹം ശബ്ദം താഴ്ത്തി തമാശമട്ടിൽ പറഞ്ഞത് പാർലമെന്റിൽ ചിരിപടർത്തി.
പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കണ്ടേ തീരൂവെന്നും ഉപരാഷ്ട്രപതി, കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി വിജയ് ഗോയലിന് നിർദ്ദേശം നൽകി.