സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച ബുദ്ധ സന്യാസി സിസിടിവി ക്യാമറയില്‍ കുടുങ്ങി. തായ്‌ലന്‍ഡിലെ സുഫാബുരിയിലാണ് സംഭവം നടന്നത്. കാശായ വസ്ത്രധാരിയായ സന്യാസി അടിവസ്ത്രം മോഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കിയതായി മെട്രോ.യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു.

49കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കിയത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് 40കാരനായ കിട്ടിസാക് ആണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തമാശയാണ് തോന്നിയതെന്നും തങ്ങള്‍ ഇത് പ്രശ്നമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും വീട്ടുകാരന്‍ പറഞ്ഞു. എന്നാല്‍ സിസിടിവിയില്‍ കുടുങ്ങിയ സന്യാസിയുടെ ദൃശ്യങ്ങള്‍ തായ്‌ലന്‍ഡില്‍ വൈറലായി മാറിയിട്ടുണ്ട്. ‘ഈ അടിവസ്ത്രങ്ങള്‍ ഏറെ വിലയുളളത് ഒന്നുമല്ല. എന്റെ ഭാര്യയ്ക്ക് വേറെയും വാങ്ങാന്‍ കഴിയും. എന്നാല്‍ അവള്‍ക്ക് ഏറെ ഇഷ്ടമുളള അടിവസ്ത്രം കൂടിയാണ് മോഷണം പോയത്’, സ്വര്‍ണക്കട ഉടമയായ കിട്ടിസാക്ക് പറഞ്ഞു.

വീഡിയോ വൈറലായതിന് പിന്നാലെയാണ് മഠാധിപതി ഇദ്ദേഹത്തിനെതിരെ നടപടി എടുത്തത്. എന്നാല്‍ താന്‍ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സന്യാസി വിശദീകരണം നല്‍കിയത്. എന്നാല്‍ ക്ഷേത്രത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ