ന്യൂഡല്‍ഹി: കൊട്ടിഘോഷിക്കപ്പെട്ട കളളപ്പണ വേട്ടയുടെ റിപ്പോര്‍ട്ടുകളെ നാണിപ്പിച്ച് സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ സമ്പാദ്യം 50 ശതമാനം ഉയര്‍ന്ന് 1.01 ബില്യണ്‍ സ്വിസ് ഫ്രാന്‍സ് (7,000 കോടി രൂപ) ആയി. 2017ലെ കണക്കുകളാണ് പുറത്തുവന്നത്. സ്വിസ് ദേശീയ ബാങ്കാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2017 വർഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തിൽ 3 % വളർച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണൽ ബാങ്ക് പുറത്തിറക്കിയ കണക്കിൽ പറയുന്നു.
വിദേശത്ത് ഇന്ത്യക്കാര്‍ക്കുളള കള്ളപ്പണ നിക്ഷേപം തകര്‍ത്തു തരിപ്പണമാക്കിയെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രചാരണത്തിനിടെയാണ് ഇതിനെ ഖണ്ഡിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. സിംഗപ്പൂർ, ഹോങ്കോങ് ഉൾപ്പെടെയുള്ള ആഗോള സാമ്പത്തിക ഇടങ്ങൾ പരിഗണിക്കുമ്പോൾ സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർക്ക് നിക്ഷേപം കുറവാണെന്ന് സ്വിസ് പ്രൈവറ്റ് ബാങ്കുകളുടെ അസോസിയേഷൻ പറയുന്നത്.
2015 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 8392 കോടി രൂപ നിക്ഷേപമാണ് ഇന്ത്യക്കാർക്ക് സ്വിസ് ബാങ്കുകളിലുണ്ടായിരുന്നത്. എന്നാൽ തൊട്ടടുത്ത വർഷം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു. 1987ൽ ഇടപാട് വിവരങ്ങൾ സ്വിസ് ബാങ്കുകൾ പരസ്യമാക്കിയതിന് ശേഷം ഏറ്റവും കുറഞ്ഞ നിക്ഷേപമായിരുന്നു ഇത്. എന്നാൽ 2017ലെത്തിയപ്പോൾ ഇത് 7000 കോടിയായി വർദ്ധിക്കുകയായിരുന്നു.