ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ റോബര്‍ട്ട് വാദ്രയുടെ ഇടക്കാല ജാമ്യം മാര്‍ച്ച് രണ്ടാം തീയതി വരെ നീട്ടി. അതേസയം, ചോദ്യം ചെയ്യലിനായി പത്തു ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകാന്‍ സ്‌പെഷ്യല്‍ ജഡ്ജി അരവിന്ദ് കുമാര്‍ ഉത്തരവിട്ടു.
തന്റെ കക്ഷിക്ക് പത്ത് ദിവസമല്ല, 20 ദിവസത്തേയ്ക്കാണെങ്കിലും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ യാതൊരു തടസവുമില്ലെന്ന് വാദ്രയുടെ അഭിഭാഷകന്‍ കെ.ടി.എസ്.തുളസി കോടതിയില്‍ ഉറപ്പു നല്‍കി. മുമ്പ് നല്‍കിയ ഉറപ്പ് പ്രകാരം വാദ്ര ഫെബ്രുവരി 6, 7, 9 തീയതികളില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ ശൈലിയില്‍ വിയോജിപ്പുള്ളതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 22-23 മണിക്കൂര്‍ വരെ വാദ്രയെ ഓഫീസില്‍ ഇരുത്തിയെന്നും അപമാനിച്ചുവെന്നും തുളസി കോടതിയെ അറിയിച്ചു.
എന്നാല്‍ ഇഡിയുടെ അഭിഭാഷകന്‍ ഡി.പി.സിങ് ഈ വാദം നിഷേധിച്ചു. വാദ്ര ഒഴിഞ്ഞു മാറുന്ന തരത്തിലായിരുന്നു മറുപടികള്‍ നല്‍കിയിരുന്നതെന്നും തനിക്കെതിരായ രാഷ്ട്രീയ കുടിപ്പക നടപ്പിലാക്കില്ലെന്ന തരത്തിലായിരുന്നു വാദ്ര സംസാരിച്ചിരുന്നതെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
ലണ്ടനില്‍ 1.9 മില്യൺ പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബർട്ട് വാദ്രയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഡൽഹിയിലെ പാട്യാല കോടതി വാദ്രയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഫെബ്രുവരി 16 വരെയാണ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.