ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുകേസിൽ റോബട്ട് വാദ്രയ്ക്ക് താത്കാലിക ആശ്വാസം. ലണ്ടനിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് വാദ്രയെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യാനാവില്ല. കേസിൽ വാദ്രയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
ഡൽഹിയിലെ പാട്യാല കോടതിയാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് കൂടിയായ വാദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 16 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ലണ്ടനില്‍ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തിനോട് സഹകരിക്കുമെന്ന് റോബര്‍ട്ട് വാദ്ര കോടതിയില്‍ ഉറപ്പുനല്‍കി. അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. കോൺഗ്രസ് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിന് പിന്നാലെയാണ് വാദ്രയ്ക്ക് എതിരായ കേസ് ചൂടുപിടിച്ചത്. എന്നാൽ കോൺഗ്രസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.