ന്യൂഡൽഹി: ആത്മഹത്യ ഉൾപ്പെടെ, സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള നിരവധിയേറെ ചലഞ്ചുകളാണ് മോമോ മുന്നോട്ടുവയ്‌ക്കുന്നത്. ഫെയ്‌സ്‌ബുക്കിൽ ആരംഭിച്ച ഈ ഗെയിം ഇപ്പോൾ വാട്‌സ്ആപ്പിലും സജീവമാണ്.
ജാപ്പനീസ് പാവക്കുട്ടിയായ മോമോയുടെ മുഖത്തിനു പിറകിൽ ഒളിച്ചിരിക്കുന്ന അജ്ഞാതനായ ഗെയിം കൺട്രോളറാണ് കളിയെ നിയന്ത്രിക്കുന്നത്. ഈ ‘കൺട്രോളർ’ കളിക്കാരെ വെല്ലുവിളിക്കുകയും വഴങ്ങാതിരുന്നാൽ അക്രമാസക്തമായ ചിത്രങ്ങളും വീഡിയോയും ശബ്ദരേഖകളുമയച്ച് കളിക്കാരെ ഭയപ്പെടുത്തുകയും ചെയ്യും. വ്യക്തികളുടെ വ്യക്തിപരവും രഹസ്യസ്വഭാവവുമുള്ളതുമായ ഡാറ്റകൾ മോഷ്ടിക്കാനായി ഉണ്ടാക്കപ്പെട്ട ഒരു ചലഞ്ചാണിതെന്നാണ് സൈബർ വിദഗ്ധർ വിലയിരുത്തുന്നത്.
മോമോ ഉയർത്തുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മോമോ, ബ്ലൂ വെയിൽ പോലുള്ള വിഷയങ്ങളെ കുറിച്ച് കുട്ടികളുടെ മുന്നിൽ വച്ച് സംസാരിക്കരുതെന്നാണ് ഇതിലെ പ്രധാന നിർദ്ദേശം. ഇത്തരം സംസാരങ്ങൾ, കുട്ടികളിൽ എന്താണ് ഗെയിം എന്നറിയാനുള്ള താൽപ്പര്യം വർധിപ്പിക്കും.
എന്നാൽ, കുട്ടികളുടെ ഓൺലൈൻ- സോഷ്യൽ മീഡിയ ആക്ടിവിറ്റികളിൽ രക്ഷിതാക്കളുടെ ശ്രദ്ധ ഉണ്ടാവേണ്ടതുണ്ടെന്നും ഐടി മന്ത്രാലയം നിർദ്ദേശിക്കുന്നു. കുട്ടികളുടെ ഓൺലൈൻ ആക്ടിവിറ്റികൾ നിരീക്ഷിക്കുന്നതിനൊപ്പം തന്നെ അവരുടെ മാനസിക ആരോഗ്യവും കൂടി നിരീക്ഷണവിധേയമാക്കണം. അസാധാരണമോ രഹസ്യസ്വഭാവമുള്ളതോ ആയ എന്തെങ്കിലും പെരുമാറ്റങ്ങളോ ഓൺലൈനിൽ ചെലവഴിക്കുന്ന സമയത്തിൽ പെട്ടെന്നുള്ള വർധനവോ കണ്ടാൽ ശ്രദ്ധിക്കണം. ആരെങ്കിലും ശ്രദ്ധിക്കുന്നു എന്നു കാണുമ്പോൾ കുട്ടികൾ സ്ക്രീൻ മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത്തരം കാര്യങ്ങളും നിരീക്ഷിക്കണം.
മികച്ച സൈബർ/ മൊബൈൽ പാരന്റിങ് സോഫ്റ്റ്‌വെയറുകളുടെ സഹായവും ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. സംശയാസ്പദമായ സാഹചര്യങ്ങളുണ്ടെങ്കിൽ കുട്ടികളുടെ അധ്യാപകരുമായി സംസാരിച്ച് സ്കൂളിലെ ആക്ടിവിറ്റികളും വിലയിരുത്താവുന്നതാണ്. അത്യാവശ്യമെന്നു തോന്നിയാൽ ഉടനെ പ്രൊഫഷണൽ സഹായം സ്വീകരിക്കണം. കുട്ടികൾക്ക് എന്തെങ്കിലുമൊരു പ്രശ്നം വന്നാൽ ഞങ്ങൾ കൂടെയുണ്ടാകുമെന്ന പിന്തുണയും ഉറപ്പും കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം.
മോമോ ചലഞ്ചിനു വിധേയരായ കുട്ടികൾ കാണിക്കുന്ന താഴെ പറയുന്ന മറ്റു ലക്ഷണങ്ങൾ ഗൗരവമായി തന്നെ നോക്കി കാണേണ്ടതുണ്ടെന്നാണ് ഐടി മന്ത്രാലയം നിർദ്ദേശിക്കുന്നത്:
- സുഹൃത്തുക്കൾക്കൊപ്പമോ കുടുംബത്തിനൊപ്പമോ സമയം ചെലവിടാതെ ഉൾവലിയുന്നത്
- സ്ഥിരമായ വിഷമാവസ്ഥയും സന്തോഷമില്ലായ്മയും
- നിത്യേനയുള്ള കാര്യങ്ങളിൽ പോലും താൽപ്പര്യമില്ലാതാവുന്ന അവസ്ഥ
- മറ്റുള്ളവരോടോ സ്വയം തന്നെയോ അമിതമായ ദേഷ്യവും ക്രോധവും കാണിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നത്
- സാധാരണ ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളിൽ താൽപ്പര്യം കുറയുന്ന അവസ്ഥ
- കുട്ടിയുടെ ശരീരത്തിൽ അസാധാരണമായി മുറിവുകളോ ആഴത്തിലുള്ള കീറലുകളോ പ്രത്യക്ഷപ്പെടുന്നു