ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ മന്ത്രി എസ്.ആര്‍ കശപ്പനവരുടെ മകന്‍ ദേവേന്ദ്ര ശിവശങ്കരപ്പയോട് 60 ദിവസത്തിനുള്ളില്‍ ഭാര്യയ്ക്ക് നാലുകോടി രൂപ ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവ്. ജൂലൈ 24നാണ് കോടതി വിധി വന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസിലെ ഏറ്റവും പ്രധാന വസ്തുത, കോടതിയില്‍ മരുമകള്‍ക്ക് പിന്തുണയുമായെത്തിയത് ദേവേന്ദ്ര ശിവശങ്കരപ്പയുടെ അമ്മയാണ് എന്നതാണ്. 2015ലാണ് ഇയാളുടെ ഭാര്യ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്. 2012 ഫെബ്രുവരി മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.

മകന്‍ ആരുടേയും അനുവാദമില്ലാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ആദ്യ ഭാര്യയും പരാതിക്കാരിയുമായ സ്ത്രീയോട് നീതി പുലര്‍ത്താതിരിക്കുകയും ചെയ്തുവെന്ന് ദേവേന്ദ്രയുടെ അമ്മ കോടതിയില്‍ മൊഴി നല്‍കി. ദേവേന്ദ്രയ്ക്ക് ധാരാളം സ്വത്തും സ്ഥലവും വ്യവസായവുമുണ്ടെന്നും ഉയര്‍ന്ന വരുമാനമുണ്ടെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

2011ലാണ് ദേവേന്ദ്രയും പരാതിക്കാരിയായ സ്ത്രീയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് തന്നോടുള്ള മനോഭാവം മാറിയെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്ന വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ