ഒക്‌ലഹോമ (യുഎസ്): സ്വന്തം മകളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മ അറസ്റ്റില്‍. 39 വയസ്സുകാരിയായ തഹീര അഹമ്മദിനെയാണ് കഴിഞ്ഞ ചൊവ്വാഴ്‌ച ഒക്‌ലഹോമ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പെണ്‍മക്കളില്‍ മൂത്ത മകളെ കുത്തി പരുക്കേല്‍പ്പിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്തതിനു ശേഷം അമ്മ ഏറ്റവും ഇളയ മകളെയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.

11 വയസ്സുള്ള മൂത്ത മകള്‍ക്ക് 50 മുതല്‍ 70 തവണ വരെ കുത്തേറ്റിട്ടുണ്ടെന്നാണ് ഹോസ്‌പിറ്റല്‍ അധികൃതര്‍ അറിയിച്ചത്. സംഭവത്തിനിടെ രക്ഷപ്പെട്ട ഒമ്പത് വയസ്സുകാരി പറഞ്ഞതനുസരിച്ച് അവരുടെ വായില്‍ സോക്ക്സ് തിരുകി കയറ്റുകയും കൈയ്യില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തതിനു ശേഷം അമ്മ മൂത്ത മകളെ കുത്താന്‍ തുടങ്ങി. ഇത് കണ്ട മറ്റേകുട്ടി ബന്ധുവിന്‍റെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടി പുറത്തിറങ്ങി സഹായത്തിന് വേണ്ടി നിലവിളിച്ച ഉടനെ വീടിന് തീ വച്ചതിന് ശേഷം ഇളയ മകളെ കൊണ്ട് അമ്മ കാറില്‍ രക്ഷപ്പെടുകയായിരുന്നു.

“ഏഴ് വയസ്സുകാരിയായ അനിയത്തി ഒമ്പത് വയസ്സുകാരിയെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത്.”, പൊലീസ് ഉദ്യോഗസ്ഥര്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന മൂത്ത കുട്ടിയെ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. എത്ര തവണ കുത്തേറ്റു എന്ന് നിർണയിക്കാന്‍ പോലുമാകാത്ത തരത്തില്‍ കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നു എന്നാണു പൊലീസ് അറിയിച്ചത്.

സംഭവത്തിനു ശേഷം അമ്മയുടെ പേരില്‍ ‘ആമ്പർ അലേർട്ട്’ പ്രഖ്യാപിക്കുകയും തുടര്‍ന്ന് പിടിയാവുകയുമായിരുന്നു. സുരക്ഷിതമായിരുന്ന ഇളയ മകളെ മാറ്റിയതിനു ശേഷമായിരുന്നു തഹീരയെ പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വ്വമുള്ള കൊലപാതക ശ്രമത്തിനും, ബാലപീഡനത്തിനുമായി ജാമ്യമില്ലാ വാറന്റില്‍ കേസെടുത്ത പൊലീസ് തഹീരയെ ജയിലിലടച്ചു.

അറസ്റ്റിലായ ശേഷം ചിരിച്ച് കൊണ്ട് നടന്നുവരുന്ന പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ലഹരിമരുന്നുകളുടെ ഉപയോഗം മൂലം തഹീരയുടെ മാനസിക നില മോശമായിരുന്നുവെന്നാണു പൊലീസ് അറിയിച്ചത്. പ്രതിയുടെ മൊഴി അനുസരിച്ചു കുട്ടികള്‍ പുസ്തകം വായിച്ചുകൊണ്ടിരുന്നത് ഇഷ്ടപ്പെടാത്തതിനാണ് കുത്തിയത്. എന്ത് പുസ്തകം എന്ന വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മൂത്ത മകള്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ