/indian-express-malayalam/media/media_files/uploads/2023/10/mahuva.jpg)
ചോദ്യക്കോഴ വിവാദം: മഹുവ മൊയ്ത്രയ്ക്ക് നോട്ടിസയച്ച് ലോക്സഭ എത്തിക്സ് കമ്മിറ്റി
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഉള്‍പ്പെട്ട കോഴപ്പണ ആരോപണങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിക്ക് നല്കിയ സത്യവാങ്മൂലത്തില്‍ മഹുവ മൊയ്ത്ര തനിക്ക് പാര്‍ലമെന്റ് ലോഗിന്‍ ഐഡി കൈമാറിയെന്ന് ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്ശന് ഹിരാനന്ദാനി പറഞ്ഞു. ആവശ്യമുള്ളപ്പോള്‍ എംപിയുടെ പേരില്‍' നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാനും കഴിയുമായിരുന്നുവെന്നും ദര്ശന് ഹിരാനന്ദാനി പറഞ്ഞു.
ഹിരാനന്ദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ടീം വ്യാഴാഴ്ച കമ്മിറ്റിക്ക് സമര്‍പ്പിച്ച മൂന്ന് പേജുള്ള സത്യവാങ്മൂലത്തിലാണ് മഹുവയ്ക്കെതിരെ ആരോപണമുള്ളത്. എന്നാല്‍ സത്യവാങ്മൂലം 'തമാശ'യെന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. ''ഈ കത്തിന്റെ കരട് പിഎംഒ അയച്ചതാണ്, അതില്‍ അദ്ദേഹം (ദര്ശന്) ഒപ്പിടാന്‍ നിര്‍ബന്ധിതനായി.'' അവര്‍ പറഞ്ഞു.
ഹിരാനന്ദാനി ഗ്രൂപ്പിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബിജെപി എം.പി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും ഐടി മന്ത്രി അശ്വിനി വൈഷ്ണവിനും കത്തയച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സത്യവാങ്മൂലം. മൊയ്ത്രയുടെ ലോക്സഭയിലേക്കുള്ള ലോഗിന്‍ ക്രെഡന്‍ഷ്യലുകളുടെ ഐപി വിലാസങ്ങള്‍ മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
''മഹുവ മൊയ്ത്ര അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന ചില ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, പാര്‍ലമെന്റില്‍ അവള്‍ക്ക് ഉന്നയിക്കാവുന്ന ചോദ്യങ്ങള്‍. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ അവരുടെ ഇമെയില്‍ ഐഡി അവര്‍ പങ്കിട്ടു, അതുവഴി എനിക്ക് അവരുടെ വിവരങ്ങള്‍ അയയ്ക്കാനും പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനും കഴിയും. ഞാന്‍ അവരുടെ നിര്‍ദ്ദേശത്തിനൊപ്പം പോയി. 'അദാനി ഗ്രൂപ്പിനെതിരായ അവരുടെ ആക്രമണങ്ങളില്‍ പിന്തുണയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു, പാര്‍ലമെന്റ് ലോഗിനും പാസ്വേഡും എനിക്ക് നല്കി. അങ്ങനെ ആവശ്യമുള്ളപ്പോള്‍ അവരുടെ പേരില്‍ നേരിട്ട് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും,'' ദര്ശന് ഹിരാനന്ദാനി സത്യവാങ്മൂലത്തില്‍ പറഞ്ഞു.
രാത്രി വൈകി നല്കിയ പത്രക്കുറിപ്പില്‍, ദര്‍ശനെ 'പ്രിയ സുഹൃത്ത്' എന്ന് വിളിച്ച മഹുവ മൊയ്ത്ര 'അവരുടെ എല്ലാ ബിസിനസ്സുകളും പൂര്‍ണ്ണമായും അടച്ചുപൂട്ടുമെന്ന് അവരെ ഭീഷണിപ്പെടുത്തിയെന്നും ഇല്ലാതാക്കുമെന്നും പറഞ്ഞു, സര്‍ക്കാരുമായുള്ള എല്ലാ ബിസിനസുകളും നിര്‍ത്തിക്കുമെന്നും സിബിഐ അവരെ റെയ്ഡ് ചെയ്യുമെന്നും എല്ലാ പൊതുമേഖലാ ബാങ്ക് ധനസഹായവും ഉടനടി നിര്‍ത്തിക്കുമെന്നും വീഷണിപ്പെടുത്തി''യതായി മഹുവ മൊയ്ത്ര പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് (ഒക്ടോബര്‍ 16) ഹിരാനന്ദാനി ഗ്രൂപ്പ് തങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിച്ച് ഒരു ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയതായി മഹുവ മൊയ്ത്ര കുറിച്ചു. ''ഇന്ന്, ഒരു 'അംഗീകാരം നല്കുന്ന സത്യവാങ്മൂലം' മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു. ഈ സത്യവാങ്മൂലം ലെറ്റര്‍ഹെഡില്ലാത്ത ഒരു വെള്ള കടലാസിലാണ്…,'' അവര്‍ പറഞ്ഞു. ''ഞങ്ങള്‍ എല്ലായ്പ്പോഴും വ്യവസത്തെ കുറിച്ചുള്ള ബിസിനസ്സിലാണ്, രാഷ്ട്രീയത്തിന്റെ ബിസിനസ്സിലല്ല. ഞങ്ങളുടെ ഗ്രൂപ്പ് എല്ലായ്പ്പോഴും രാജ്യതാല്‍പ്പര്യത്തിനായി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്, അത് തുടരും,'' ചൊവ്വാഴ്ച ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ പ്രസ്താവനയില്‍ ഹിരാനന്ദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.