Covid-19 MoHFW Revised Guidelines for International Passengers Travelling to India: ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാർ‌ക്കുള്ള പുതിയ മാർ‌ഗനിർ‌ദ്ദേശങ്ങൾ‌ നാളെ മുതൽ പ്രാബല്യത്തിൽ‌. മെയ് 24 ന്‌ പുറപ്പെടുവിച്ച മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ ഇതോടെ അസാധുവാകും. പകരം പുതിയ മാർഗനിർദേശങ്ങളാണ് ഇന്ന് മുതൽ യാത്രക്കാർ പിൻതുടരേണ്ടത്. നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.

Before Planning for Travel-യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ്

 1. എല്ലാ യാത്രക്കാരും ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും ഓൺ‌ലൈൻ പോർട്ടലിൽ (www.new delhi airport.in) സ്വയം സാക്ഷ്യപ്പെടുത്തൽ ഫോം (self-declaration form) സമർപ്പിക്കണം.
 2. 14 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈന് വിധേയമാക്കുമെന്ന് പോർട്ടലിൽ ഒരു ഉറപ്പ് നൽകണം. 7 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ അല്ലെങ്കിൽ പെയ്ഡ് ക്വാറന്റൈനും തുടർന്ന് 7 ദിവസം ആരോഗ്യം സ്വയം നിരീക്ഷിച്ച് വീട്ടിൽ ക്വാറന്റൈനിലുമാണ് കഴിയേണ്ടത്.
 3. ഗർഭിണികൾ, കുടുംബത്തിൽ മരണം സംഭവിച്ച് വരുന്നവർ, ഗുരുതരമായ രോഗമുള്ളവർ, 10 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളുള്ള രക്ഷകർത്താക്കൾ തുടങ്ങിയ നിർബന്ധിത സാഹചര്യങ്ങളിലുള്ളവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ എന്ന വ്യവസ്ഥയിൽ ഇളവിന് അപേക്ഷിക്കാം. പകരം ഇവർക്ക് 14 ദിവസത്തേക്ക് ഹോം ക്വാറൻറൈനിൽ കഴിയാം.
 4. ഇത്തരത്തിൽ ഇളവ് നേടാൻ യാത്രക്ക് 72 മണിക്കൂർ മുമ്പെങ്കിലും അവർ ഓൺലൈൻ പോർട്ടലിൽ (www.new delhi Airport.in) അപേക്ഷ നൽകണം. അപേക്ഷ സർക്കാറിന് കൈമാറും. അന്തിമ തീരുമാനം പോർട്ടൽ വഴി അറിയിക്കും.
 5. ആർ‌ടി പി‌സി‌ആർ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ച റിപ്പോർട്ട് എത്തിച്ചേരുന്ന സ്ഥലത്ത് സമർപ്പിച്ചാൽ യാത്രക്കാർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ നിന്ന് ഇളവ് തേടാം. യാത്ര തുടങ്ങുന്നതിന് മുൻപ് 96 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇത്തരത്തിൽ അംഗീകരിക്കുക. പരിശോധനാ റിപ്പോർട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. റിപ്പോർട്ടിന്റെ ആധികാരികതയുമായി ബന്ധപ്പെട്ട് ഒരു ഡിക്ലയറേഷൻ സമർപ്പിക്കണം. വ്യാജരേഖ സമർപിച്ചാൽ ക്രിമിനൽ വിചാരണ നേരിടേണ്ടി വരും. പരിശോധനാ റിപ്പോർട്ടിന്റെ അസ്സൽ പതിപ്പ് ഇന്ത്യയിലെ വിമാനത്താവളത്തിലെത്തുമ്പോൾ ഹാജരാക്കാണം.

Read More: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ തുടരും

Before Boarding- യാത്രയ്ക്ക് മുൻപ്

 1. യാത്രയിലും തുടർന്നും എന്തെല്ലാം ചെയ്യാം, എന്തെല്ലാം ചെയ്യരുത് എന്ന് വ്യക്തമാക്കുന്ന നിർദേശങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം നൽകും.
 2. എല്ലാ യാത്രക്കാരോടും അവരുടെ മൊബൈൽ ഉപകരണങ്ങളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കും.
 3. വിമാനത്തിൽ / കപ്പലിൽ കയറുന്ന സമയത്ത്, ശരീര താപനിലാ പരിശോധനയുണ്ടാവും. പരിശോധനയിൽ രോഗ ലക്ഷണം കാണിക്കാത്ത യാത്രക്കാരെ മാത്രമേ കയറാൻ അനുവദിക്കൂ.
 4. കര അതിർത്തികളിലൂടെ എത്തുന്ന യാത്രക്കാർക്കും ഇതേ ചട്ടങ്ങൾ ബാധകമാണ്. ഇതേ നടപടിക്രമങ്ങൾക്ക് വിധേയമാക്കേണ്ടിവരും. രോഗ ലക്ഷണങ്ങളില്ലാത്തവർക്ക് മാത്രമേ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കഴിയൂ.
 5. പരിസ്ഥിതി ശുചിത്വം, അണുവിമുക്തമാക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ വിമാനത്താവളങ്ങളിൽ ഉറപ്പാക്കും.
 6. ബോർഡിംഗ് സമയത്തും വിമാനത്താവളങ്ങളിലും, സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കും

Read More: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണ്‌?

During Travel- യാത്രയിൽ

 1. പോർട്ടലിൽ സെൽഫ് ഡിക്ലയറേഷൻ ഫോം പൂരിപ്പിച്ചിട്ടില്ലാത്ത യാത്രക്കാർക്ക് വിമാനത്തിൽ / കപ്പലിൽ വച്ച് പൂരിപ്പിക്കാം. അതിന്റെ ഒരു പകർപ്പ് വിമാനത്താവളത്തിലെ/ തുറമുഖത്തിലെ ആരോഗ്യ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും സമർപിക്കണം.
 2. അല്ലെങ്കിൽ അത്തരം യാത്രക്കാർ‌ എത്തിച്ചേരുന്ന വിമാനത്താവളത്തിന്റെ / തുറമുഖത്തിന്റെ ഓൺലൈൻ പോർട്ടലിലും അധികൃതരുടെ നിർദേശം അനുസരിച്ച് ഈ അപേക്ഷ സമർപിക്കാം. അവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാണെങ്കിൽ മാത്രമാണിത് സാധ്യമാവുക.
 3. മുൻകരുതൽ നടപടികൾ ഉൾപ്പെടെ കോവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട പ്രധാന നിർദേശങ്ങൾ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്ര ചെയ്യുന്ന വിമാനങ്ങളിലും കപ്പലുകളിലും അനൗൺസ് ചെയ്യും.
 4. വിമാനത്തിൽ / കപ്പലിൽ കയറുമ്പോൾ, മാസ്ക് ധരിക്കുന്നതും, പരിസര ശുചിത്വം, ശ്വസന ശുചിത്വം, കൈകളുടെ ശുചിത്വം തുടങ്ങിയവ പാലിക്കുന്നതും അടക്കമുള്ള ആവശ്യമായ മുൻകരുതലുകൾ വിമാന / കപ്പൽ ജീവനക്കാരും യാത്രക്കാരും പാലിക്കണം.

On arrival- ഇന്ത്യയിൽ എത്തിയാൽ

 1. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പുറത്തിറങ്ങണം
 2. വിമാനത്താവളം / തുറമുഖം / ലാൻഡ്‌പോർട്ട് എന്നിവിടങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥർ എല്ലാ യാത്രക്കാർക്കും ശരീര താപനിലാ പരിശോധന നടത്തും. ഓൺലൈനിൽ പൂരിപ്പിച്ച സെൽഫ് ഡിക്ലയറേഷൻ ഫോം വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാക്കണം. ഫോമിന്റെ പ്രിന്റ് പകർപ്പ് ആയാലും മതി.
 3. സ്‌ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയ യാത്രക്കാരെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് മാറ്റും. ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോവും.
 4. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ നിന്ന് ഇളവ് ലഭിച്ചവർ താപനിലാ പരിശോധന കഴിഞ്ഞാൽ വിശദാംശങ്ങൾ അതത് സംസ്ഥാനങ്ങളുടെ കൗണ്ടറുകളെ അറിയിക്കണം. ഇത് മൊബൈൽ ഫോൺ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ചെയ്യാനാവും.
 5. മറ്റ് യാത്രക്കാരെ സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.
 6. ഈ യാത്രക്കാർ കുറഞ്ഞത് 7 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയണം.
 7. ഐസി‌എം‌ആർ പ്രോട്ടോക്കോൾ പ്രകാരം അവരെ പരിശോധിക്കും. (//www.mohfw.gov.in/pdf/Revisedtestingguidelines.pdf എന്ന യുആർഎല്ലിൽ പ്രോട്ടോക്കോളിന്റെ വിശദാംശങ്ങൾ ലഭ്യമാണ്.)
 • പരിശോധനയിൽ പോസിറ്റിവ് ഫലം ലഭിച്ചാൽ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.
 • രാഗലക്ഷണങ്ങളില്ലെങ്കിലോ, വളരെ കുറഞ്ഞ ലക്ഷണങ്ങളാണെങ്കിലോ ഹോം ഐസൊലേഷനിലേക്കോ, കോവിഡ് കെയർ സെന്ററുകളിലെ ഐസൊലേഷനിലേക്കോ ആണ് മാറ്റുക.
 • രോഗലക്ഷണങ്ങളുള്ളവരെയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാണിക്കുന്നവരെയും ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും.
 • നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാൽ വീട്ടിൽ ഐസൊലേഷനിലേക്ക് മാറ്റി ഏഴ് ദിവസത്തേക്ക് സ്വയം നിരീക്ഷിക്കാൻ നിർദേശിക്കും.
 • എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ അവർ ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥരെയോ 1075 എന്ന കോൾ സെന്റർ നമ്പറിലോ ബന്ധപ്പെടണം.

Read more: Govt issues fresh guidelines for international arrivals, makes 7-day paid institutional quarantine mandatory

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook