നാഗ്പൂർ: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയെ വിമർശിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. വർഷങ്ങളായി പിന്തുടരുന്ന ആചാരങ്ങൾ പരിഗണിക്കാതെയും കോടിക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തെയും പരിഗണിക്കാതെയുളള വിധിയെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. നാഗ്പൂരിൽ വിജയദശമി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ ഉൾപ്പെടെയുളള വിശ്വാസികളുടെ വികാരം പരിഗണിച്ചില്ല. വിധി സമൂഹത്തിൽ അശാന്തിയും അതൃപ്തിയും ഉണ്ടാക്കി. നൂറ്റാണ്ടുകളായുളള ആചാരത്തെ മാറ്റുമ്പോൾ ചർച്ച ആവശ്യമായിരുന്നു. കാലങ്ങളായി ആചാരങ്ങൾ പാലിച്ചുപോകുന്നവരാണ് വിശ്വാസികൾ. സമൂഹത്തിൽ മാറ്റം ഉണ്ടാകുന്നത് ഏറെ നാളത്തെ പ്രക്രിയയാണ്. ചർച്ചകളിലൂടെ ജനമനസ്സിനെ ബോധ്യപ്പെടുത്തി വേണം മാറ്റം കൊണ്ടുവരാൻ. സമത്വം കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സമൂഹത്തിലെ സമാധാനം നഷ്ടപ്പെടുകയാണ്. ഹർജി നൽകിയവർ ക്ഷേത്രത്തിൽ പോകുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും ഭാഗവത് ആവശ്യപ്പെട്ടു. അയോധ്യയിൽ ഇതിനോടകം ക്ഷേത്രം നിർമ്മിക്കേണ്ടതായിരുന്നു. എന്നാൽ ക്ഷേത്രം വച്ച് രാഷ്ട്രീയക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.