ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ രാജ്യത്തുള്ളതുകൊണ്ടാണ് മുസ്ലിങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ മറുപടി. ഹിന്ദുവെന്ന പേരിട്ട് വിളിച്ചാലും തന്റെ ചരിത്രം മായ്ക്കാന്‍ മോഹന്‍ ഭാഗവതിനാകില്ലെന്ന് ഒവൈസി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഭാഗവതിന് ഇന്ത്യയിലെ എന്റെ ചരിത്രം മായ്ക്കാനാകില്ല. ഞങ്ങളുടെ സംസ്‌കാരം, വിശ്വാസം, വ്യക്തിഗതമായ തിരിച്ചറിവുകള്‍ ഇവയൊന്നും ഹിന്ദുമതത്തില്‍ ഉള്‍ക്കൊള്ളണമെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയില്ല”. വിദേശ മുസ്ലിങ്ങളുമായി ഇന്ത്യന്‍ മുസ്ലിങ്ങളെ താരതമ്യം ചെയ്യുന്നതിനെയും ഒവൈസി വിമര്‍ശിച്ചു.

‘ഭാഗവത് ഇന്ത്യന്‍ മുസ്ലിങ്ങളെ വിദേശ മുസ്ലിങ്ങളുമായി താരതമ്യം ചെയ്താല്‍ എനിക്കൊന്നുമില്ല. അതെന്റെ ഇന്ത്യന്‍ എന്ന സ്വത്വത്തെ ബാധിക്കില്ല. ഹിന്ദുരാഷ്ട്രമെന്നാല്‍ ഹിന്ദു പരമാധികാരം എന്നാണര്‍ത്ഥം. അത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഞങ്ങള്‍ സന്തുഷ്ടരാണെങ്കിലത് ഭരണഘടന മൂലമാണ്, അല്ലാതെ ഭൂരിപക്ഷത്തിന്റെ ഔദാര്യമല്ല.’

നേരത്തെ ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലിങ്ങള്‍ ഇന്ത്യയിലാണുള്ളതെന്നും ഇതിന് കടപ്പെടേണ്ടത് ഹൈന്ദവ സംസ്‌കാരത്തിനോടാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook