ന്യൂഡൽഹി: അയോധ്യയില്‍ എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആര്‍എസ്എസ് തലവൻ മോഹന്‍ ഭാഗവത്. ക്ഷേത്രം നിർമ്മിച്ചാൽ ഹിന്ദു, മുസ്ലിം തർക്കം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്ന പശ്ചാത്തലത്തിൽ രാമക്ഷേത്രം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതിനെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

“അയോധ്യയിൽ നേരത്തെ രാമക്ഷേത്രം ഉണ്ടായിരുന്നതാണ്. അവിടെ എത്രയും വേഗം രാമക്ഷേത്രം നിർമ്മിക്കണം. രാമക്ഷേത്രം നിർമ്മിക്കുന്നതോടെ ഹിന്ദു മുസ്ളീം തർക്കം അവസാനിക്കും,” മോഹൻ ഭാഗവത് പറഞ്ഞു. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് സാമുദായിക ധ്രുവീകരണത്തിലൂടെ സാഹചര്യങ്ങൾ അനുകൂലമാക്കാനുളള ശ്രമമാണ് ആര്‍എസ്എസിന്റേതെന്നാണ് മറുവാദം.

ത്രിദിന പ്രഭാഷണ പരമ്പരയ്ക്കിടെയാണ് മോഹന്‍ ഭാഗവത് ആർഎസ്എസ് വേദിയിൽ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും സ്വത്വപരമായി ഹിന്ദുക്കളാണെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ഇന്ത്യയുടെ സംസ്‌കാരം വൈവിധ്യങ്ങളിലെ ഐക്യത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആർഎസ്എസ് ആണ് ഇന്ത്യയിൽ ഏറ്റവും അധികം മിശ്രവിവാഹങ്ങൾ നടത്തുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം അവകാശപ്പെട്ടു. ഇതിന് പുറമെ ആൾക്കൂട്ട കൊലപാതകങ്ങളും സംഘർഷങ്ങളും ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook