കൊച്ചി: ഡിസംബർ ഏഴിന് വോട്ടെടുപ്പ് നടക്കാനിരിക്കെ തെലങ്കാനയിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായി മുഹമ്മദ് അസ്‌ഹറുദ്ദീനെ നിയമിച്ചു. കോഴ വിവാദത്തിൽ നിന്ന് മുക്തനായ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അസ്‌ഹറുദ്ദീനെ സംസ്ഥാനം തിരഞ്ഞെടുപ്പ് ആവേശത്തിൽ നിൽക്കെയാണ് സുപ്രധാന സ്ഥാനത്ത് നിർത്തിയത്.
ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നും ലോക്സഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അസ്ഹറുദ്ദീൻ ഒരു തവണ ജയിച്ചിരുന്നു. 2009 ൽ യുപിയിലെ മൊറാദാബാദിൽ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. 2014 ൽ രാജസ്ഥാനിലെ തോങ്ക്-സവായി മോധ്‌പുർ മണ്ഡലത്തിൽ താരം തോറ്റു.
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
തെലങ്കാനയിൽ തെലുങ്കുദേശം പാർട്ടിയും കോൺഗ്രസും ഇക്കുറി സഖ്യത്തിലാണ് മത്സരിക്കുന്നത്. ടിആർഎസിനെയും ചന്ദ്രബാബു നായിഡുവിനെയും പരാജയപ്പെടുത്താനാണ് ശ്രമം.
2000 ത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി നിൽക്കെയാണ് അസ്‌ഹറുദ്ദീന് കളം ഒഴിയേണ്ടി വന്നത്. ഒത്തുകളി വിവാദത്തിൽ പെട്ടാണ് താരത്തിന്റെ ക്രിക്കറ്റ് കരിയർ അവസാനിച്ചത്. ബിസിസിഐ 2012 ൽ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ആന്ധ്രപ്രദേശ് നീക്കിയതോടെ താരം ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.