ന്യൂഡല്‍ഹി: ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയ്ക്കെതിരെ പുതിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മൊഹാലി ജില്ലാ കോടതി. ജാമ്യമില്ലാ വാറന്റാണു പുറപ്പെടുവിച്ചിരിക്കുന്നത്. തജീന്ദറിനെ ഡല്‍ഹിയില്‍നിന്ന് പഞ്ചാബ് പൊലീസ് നേരത്ത കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ ഡല്‍ഹി, ഹരിയാന പൊലീസ് നടത്തിയ നീക്കങ്ങള്‍ ബിജെപിയും എഎപിയും തമ്മിലുള്ള രാഷ്ട്രീയപ്പോരിലേക്കു നീങ്ങിയതിനു പിന്നാലെയാണു പുതിയ സംഭവം.
അതിനിടെ തജീന്ദറിനെ കസ്റ്റഡിയിലെടുത്തു വരികയായിരുന്ന പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ ഹരിയാന പൊലീസ് തടഞ്ഞുവച്ചുവെന്ന കേസിലെ നടപടികള്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് ഇരു സംസ്ഥാനങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നത്.
തേജീന്ദറിനെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസ്, തങ്ങളെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ തടങ്കലില്‍ വച്ചതിനെതിരെ പഞ്ചാബ് പൊലീസ് സംഘം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പഞ്ചാബ് പൊലീസ് സംഘത്തെ തടഞ്ഞുവയ്ക്കുന്നതിനുള്ള ഹരിയാന പൊലീസിന്റെ ഇടപെടല്‍ ‘നിയമ ലംഘനം’ എന്ന് അഡ്വക്കേറ്റ് ജനറല്‍ അന്‍മോള്‍ രത്തന്‍ സിദ്ധു വിശേഷിപ്പിച്ചത്.
Also Read: രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഒപ്പമുള്ള പാര്‍ട്ടികളെ സമീപിക്കാനാരംഭിച്ച് ബിജെപി
തജീന്ദറിനെ അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡല്‍ഹി പൊലീസ് വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ജനക്പുരിയിലെ വസതിയില്‍നിന്ന് തജീന്ദറിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പഞ്ചാബ് പൊലീസ് സംഘം ലോക്കല്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് അവര്‍ അവകാശപ്പെട്ടു.
ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി കൂടിയായ തജീന്ദറിനെതിരെ മാധ്യമങ്ങളിലും ട്വിറ്ററിലും നടത്തിയ പ്രകോപനപരമായ പ്രസ്താവനകളുടെ പേരിൽ ഏപ്രിൽ ഒന്നിനു മൊഹാലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായാണ് പഞ്ചാബ് പൊലീസ് അറിയിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുശേഷം വെള്ളിയാഴ്ച വൈകിട്ടോടെ തജീന്ദര്‍ ഡല്‍ഹി, ഹരിയാന പൊലീസിന്റെ ഇടപെടലില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുകയായിരുന്നു.
എഎപി പഞ്ചാബ് വക്താവും അനന്ദ്പുർ സാഹിബ് ലോക്‌സഭാ മണ്ഡലം പാർട്ടി ഇൻ-ചാർജുമായ ഡോ. സണ്ണി സിങ് അലുവാലിയ നൽകിയ പരാതിയലാണ് തജീന്ദറിനെതിരെ മൊഹാലി പൊലീസ് കേസെടുത്തത്.
ഇന്നു തജീന്ദറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രവ്‌തേഷ് ഇന്ദർജിത് സിങ് കേസ് മെയ് 23 ലേക്ക് മാറ്റി. തജീന്ദറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കോടതി പൊപോലീസിനോട് നിർദേശിച്ചു. തജീന്ദറിനു പൊലീസ് അഞ്ച് തവണ നോട്ടീസ് അയച്ചെങ്കിലും അന്വേഷണവുമായി സഹകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.